അടുത്ത തവണ എല്ലാവരെയും ഇറക്കൂ; മെസ്സിയെ കൂട്ടരെയും വെല്ലുവിളിച്ച് അറ്റ്ലാന്റ

ലയണൽ മെസ്സി എത്തിയതിന് ശേഷം തങ്ങളുടെ ആദ്യ പരാജയമാണ് ഇന്നലെ ഇന്റർ മയാമി നേരിട്ടത്. ഇന്നലെ മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡിനെ നേരിട്ട മയാമി 5-2 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ലയണൽ മെസ്സി ഇറങ്ങാത്ത മത്സരത്തിലാണ് മയാമിയുടെ പരാജയം എന്നതും ശ്രദ്ദേയമാണ്. കമ്പാനയിലൂടെ മയാമിയാണ് ഗോളടിക്ക് തുടക്കം കുറിച്ചതെങ്കിലും പിന്നീട് ഗോൾ മഴ പെയ്യിപ്പിച്ചത് അറ്റ്ലാന്റയാണ്.

ഇന്നലത്തെ വിജയത്തിന് ശേഷം അറ്റ്ലാന്റ നടത്തിയ വെല്ലുവിളിയാണ് ഇപ്പോൾ ചർച്ചാ വിഷയം. അടുത്ത തവണ അവരുടെ മുഴുവൻ സ്‌ക്വാഡിനെയും കൊണ്ട് വരിക എന്നാണ് അറ്റ്ലാന്റയുടെ വെല്ലുവിളി. തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് അറ്റ്ലാന്റയുടെ ഈ വെല്ലുവിളി. ഇന്നലത്തെ മത്സരത്തിന്റെ ഫലം പുറത്ത് വിട്ട ചിത്രത്തിന് തലക്കെട്ടായാണ് അറ്റ്ലാന്റ ഈ വെല്ലുവിളി നടത്തിയിരിക്കുന്നത്.

ലയണൽ മെസ്സി ഇല്ലാത്ത ടീമിനെതിരെയാണ് അറ്റ്ലാന്റ വിജയിച്ചതെന്ന അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മയാമിയുടെ മുഴുവൻ ടീമിനെയും കളത്തിലിറക്കാനായുള്ള അറ്റ്ലാന്റയുടെ വെല്ലുവിളി.

പിസയുടെ ചിത്രം പങ്ക് വെച്ച് കൊണ്ടും അറ്റ്ലാന്റ മെസ്സിയെ പരോക്ഷമായി ട്രോളിയിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെസ്സി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ ഒരു പിസയുടെ ചിത്രം പങ്ക് വെച്ചിരുന്നു. മയാമിയിലെ റസ്റ്ററന്റിൽനിന്നു വാങ്ങിയ പിസയുടെ വീഡിയോയായിരുന്നു മെസ്സി പങ്ക് വെച്ചത്. ഇന്നലെ മയാമിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ അറ്റ്ലാന്റ ഒരു പിസയുടെ ചിത്രം പോസ്റ്റ് ചെയ്ത് ‘ഇതാ യാത്രയ്ക്കായുള്ള നിങ്ങളുടെ പിസ കഴിക്കൂ’ എന്ന തലക്കെട്ട് നൽകി അറ്റ്ലാന്റ മെസ്സിക്കിട്ടൊരു കൊട്ടും കൊടുത്തിട്ടുണ്ട്.

അതേസമയം,അടുത്ത തവണ മെസ്സിയെ കളത്തിലിറക്കി ഈ വെല്ലുവിളിക്ക് മറുപടി നൽകുമെന്നും മയാമി ആരാധകരും പ്രതികരിക്കുന്നു. ഏതായാലും ലയണൽ മെസ്സിക്ക് അമേരിക്കയിൽ ഇതൊരു പുതിയ വെല്ലുവിളിയാണ്. ഇതിനോടകം പല വെല്ലുവിളികളും നേരിട്ട മെസ്സി അറ്റ്ലാന്റയുടെ ഈ വെല്ലുവിളിയും മറികടക്കും എന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ