2024 പാരീസ് ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം മെസ്സിയെയും ഡി മരിയയും അണിനിരത്താൻ മഷെറാനോ

2024 പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ യോഗ്യത നേടിയാൽ അർജന്റീനകൊപ്പം ലയണൽ മെസ്സിയെയും ഡി മരിയയും കളിപ്പിക്കാൻ ഒരുങ്ങുകയാണ് അണ്ടർ 20 പരിശീലകൻ മഷെറാനോ. ലയണൽ മെസ്സിക്കൊപ്പം ബാഴ്സലോണയിലും അർജന്റീനയിലും ഒരുമിച്ച് കളിച്ച മഷെരാനോ സൂപ്പർതാരത്തെ ടീമിനൊപ്പം കളിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

കഴിഞ്ഞദിവസം Tyc സ്പോർട്സിനോട് മഷെരാണോ ഈ കാര്യത്തെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.“യോഗ്യതയുണ്ടെങ്കിൽ, രണ്ട് ലോക ചാമ്പ്യന്മാരെയും ഇത്തരത്തിലുള്ള മറ്റു കളിക്കാരെയും നേടാനാകുന്നത് ഞങ്ങൾക്ക് അഭിമാനമുള്ള കാര്യമായിരിക്കും,” മഷറാനോ TyC സ്‌പോർട്‌സിനോട് പറഞ്ഞു. “ മറ്റു ചില താരങ്ങളും ടീമിലേക്ക് കയറി വരാൻ യോഗ്യതയുണ്ട്. തീർച്ചയായും ലിയോയും ഏഞ്ചലും അതിന്റെ ഭാഗമാണ്.

ഫ്രാൻസിൽ നടക്കുന്ന ഒളിമ്പിക്സ് ഫുട്ബോൾ ടൂർണമെന്റിൽ സൂപ്പർ താരം കെലിയൻ എംബാപ്പെക്ക് ഫ്രാൻസ് ടീമിനൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു, ഈ സൂപ്പർ താരങ്ങളെല്ലാം വീണ്ടും ഒരുമിക്കുകയാണെങ്കിൽ ഒളിമ്പിക്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ഒന്നുകൂടി ലോകശ്രദ്ധ നേടും എന്ന കാര്യത്തിൽ തർക്കമില്ല.

2008 ബിജിങ് ഒളിമ്പിക്സിൽ ലയണൽ മെസ്സിയും ഡി മരിയയും അർജന്റീനക്ക് വേണ്ടി ഫുട്ബോളിൽ സ്വർണ്ണമെഡൽ നേടിയിട്ടുണ്ട്, വെറ്ററൻ താരങ്ങളായ ഇരുവരും അർജന്റീന ടീമിനൊപ്പം ചേരുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും സൂപ്പർ താരങ്ങളുടെ അവസാന ഘട്ടത്തിൽ കൂടുതൽ കളി കാണാൻ കഴിയുമല്ലോ എന്ന ആവേശത്തിലാണ് ആരാധകരും.