ലയണൽ മെസ്സിയുടെ വഴിയെ മഴവില്ല് വിരിയിച്ച് ഡിമരിയ, മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആൽവാരസിന്റെ കിടിലൻ ഫ്രീകിക്ക്

ഫ്രീകിക്ക് ഗോളുകളിൽ അർജന്റീന താരങ്ങൾക്ക് ഒരു പ്രത്യേക പാടവം തന്നെയുണ്ട്, ലയണൽ മെസ്സിയുടെ ഫ്രീകിക്ക് കണ്ട് പഠിച്ചു വരുകയാണ് അർജന്റീന താരങ്ങൾ എന്ന് തോന്നും അവരുടെ കളത്തിലെ പ്രകടനം കാണുമ്പോൾ.

കഴിഞ്ഞദിവസം ബെൻഫികക്ക് വേണ്ടി ഡിമരിയ അതിമനോഹരമായ ഒരു ഫ്രീകിക്ക് ഗോൾ കണ്ടെത്തി, പോർച്ചുഗൽ ലീഗിൽ വിസെലക്കെതിരെയാണ് കളിയുടെ 39-മത്തെ മിനിറ്റിൽ ഡിമരിയ അതിമനോഹരമായി ഗോൾ നേടിയത്. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബെൻഫിക വിജയിച്ചു. നിലവിൽ അഞ്ചു മത്സരങ്ങളിൽ നാല് വിജയവും ഒരു തോൽവിയുമായി പോർച്ചുഗൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് ബെൻഫിക.

ഇതുവരെ 5 മത്സരങ്ങളിൽ നാലു ഗോളുകളും ഒരു അസിസ്റ്റും നേടി ഡിമരിയ തന്റെ മുൻ ക്ലബ്ബിനുവേണ്ടി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ യുവന്റസിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് അർജന്റീന താരം പോർച്ചുഗലിലെത്തിയത്. സൗദിയുടെ വലിയ ഓഫറുകൾ എല്ലാം വേണ്ടെന്നുവച്ചാണ് ഡിമരിയ ബെൻഫികയിൽ ചേർന്നത്.

അർജന്റീനയുടെ യുവതാരം ഹുലിയൻ ആൽവരസ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തകർപ്പൻ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം വെസ്റ്റ് ഹാമിനെതിരെ 2 അസിസ്റ്റുകൾ നേടി കളം നിറഞ്ഞു കളിച്ച താരം മത്സരത്തിൽ എടുത്ത ഒരു ഫ്രീകിക്ക് നിർഭാഗ്യവശാൽ പോസ്റ്റിൽ തട്ടി മടങ്ങി. പ്രീമിയർ ലീഗ് ഈ സീസണിൽ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തിയ അർജന്റീന താരം രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.