പുതിയ ലുക്കിൽ ലയണൽ മെസ്സി, അതിന് കാരണം കണ്ടെത്തി ആരാധകർ

സൂപ്പർ താരം ലയണൽ മെസ്സിയുടെ പുതിയ ലൂക്കാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം. താടി ക്ലീൻ ഷേവ് ചെയ്ത മെസ്സിയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മയാമിയുടെ പുതിയ പരിശീലന സെക്ഷനിലാണ് മെസ്സിയുടെ ക്ലീൻ ഷേവ് ചിത്രം പുറത്ത് വന്നിരിക്കുന്നത്.

മെസ്സി ക്ലീൻ ഷേവ് ചെയ്തത് ആരാധകർ ഏറ്റെടുക്കാൻ ചില കാരണങ്ങൾ കൂടിയുണ്ട്. 7 തവണ മെസ്സി ബാലൻ ഡി ഓർ ഉയർത്തിയപ്പോൾ അതിൽ ഭൂരിഭാഗവും മെസ്സി ക്ലീൻ ഷേവ് ലുക്കിൽ ആയിരുന്നു. ക്ലീൻ ഷേവ് ലുക്കിലും ചെറിയ താടി രോമങ്ങൾ ഉള്ള ലുക്കിലും ഉള്ളപ്പോഴാണ് മെസ്സി ബാലൺ ഡി ഓർ അവാർഡിന് അർഹനായത്. അത് തന്നെയാണ് മെസ്സിയുടെ ഇപ്പോഴത്തെ ക്ലീൻ ഷേവ് ലുക്ക് ഇത്ര ചർച്ച ചെയ്യാൻ കാരണം. 2019 ലും 2021 ലും ബാലൻ ഡി ഓർ ചടങ്ങിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മെസി താടി ക്ലീൻ ഷേവ് ചെയ്തതായുള്ള റിപ്പോർട്ടുകൾ അടക്കം പുറത്ത് വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് മെസ്സിയുടെ ക്ലീൻ ഷേവ് തന്റെ എട്ടാം ബാലൺ ഡി ഓറിനുള്ള സൂചനയാണ് എന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.ബാലൺ ഡി ഓർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് മെസ്സി. 2009,2011,2012,2013,2016,2019,2021 വർഷങ്ങളിൽ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സി ഈ വർഷത്തെ ബാലൺ ഡി ഓർ അവാർഡിന് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്ന താരമാണ്.

ഖത്തർ ലോകകപ്പ് തന്നെയാണ് പ്രധാന കാരണം. മെസ്സിയുടെ ചിറകിലേറിയാണ് അർജന്റീന ഖത്തറിൽ വിശ്വകിരീടം ഉയർത്തിയത്.മെസ്സിക്കൊപ്പം കിലിയൻ എംബാപ്പേ, ഏർലിംഗ് ഹാളണ്ട് എന്നിവരും ഇത്തവണത്തെ ബാലൺ ഡി ഓർ ഫേവറീറ്റുകളാണ്.