❛ലയണൽ മെസ്സി ബാഴ്സലോണയുടെ ആശയത്തിന് അനുയോജ്യനാണ്, ഇനി ലിയോ തീരുമാനിക്കണം❜-സാവി

ഫിഫ വേൾഡ് കപ്പ്‌ ജേതാവായ അർജന്റീനയുടെ നായകൻ ലിയോ മെസ്സിയുടെ ബാഴ്സലോനയിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് മെസ്സിയുടെയും ബാഴ്സലോന ക്ലബ്ബിന്റെയും ആരാധകർ. 2021-ൽ ടീമിനോട് വിട പറഞ്ഞ മെസ്സി തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ആരാധകർ.

പാരിസ് സെന്റ് ജർമയിനിൽ ആദ്യ സമയത്ത് ആരാധകരിൽ നിന്നും വളരെയധികം പ്രശംസ നേടിയ ലിയോ മെസ്സിക്ക് നിലവിൽ അത്ര മികച്ച പിന്തുണയല്ല പിഎസ്ജി ആരാധകർ നൽകുന്നത്. കൂക്കി വിളിച്ചും കളിയാക്കിയും ലിയോ മെസ്സിയെ വിമർശിക്കുന്ന പിഎസ്ജി ആരാധകർ കാരണമാണ് ലിയോ മെസ്സി തന്റെ കരാറിലെ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷൻ ഒഴിവാക്കി പിഎസ്ജി വിടാനൊരുങ്ങുന്നത്.

പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടിനോട് സംസാരിക്കവേ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോനയുടെ പരിശീലകനായ സാവി ഹെർണാണ്ടസ് ലിയോ മെസ്സിയെ തിരികെ ബാഴ്സലോനയിലെത്തിക്കുന്നതിനെ കുറിച്ച് ബാഴ്‌സ പ്രസിഡന്റിനോട് സംസാരിച്ചിരുണ്ടെന്ന് വെളിപ്പെടുത്തി. മാത്രവുമല്ല, തന്റെ സുഹൃത്തായ ലിയോ മെസ്സിയുമായി താൻ ഇടയ്ക്കിടെ സംസാരിക്കാറുണ്ടെന്നും സാവി പറഞ്ഞു.

“ലിയോ മെസിയുടെ ബാഴ്സലോനയിലേക്കുള്ള തിരിച്ചുവരവ് അർത്ഥവത്താണെന്ന് ബാഴ്‌സ പ്രസിഡന്റിനോട് ഞാൻ പറഞ്ഞു, ഒരിക്കലും അക്കാര്യത്തിൽ സംശയങ്ങളില്ല, ലിയോ മെസ്സി നമ്മുടെ സംവിധാനത്തിനും ആശയത്തിനും അനുയോജ്യമാണ്. ലിയോ മെസ്സിയുടെ തന്ത്രപരമായ പദ്ധതി എന്റെ മനസ്സിലുണ്ട്. ഇത് ലിയോ മെസ്സിയുടെ കാര്യമാണ്, ഇത് അവൻ തീരുമാനിക്കണമെന്ന് ഞാൻ കരുതുന്നു. ഞാൻ ലിയോ മെസ്സിയുമായി സംസാരിക്കാറുണ്ടോയെന്ന് ചോദിച്ചാൽ അതേയെന്നാണ് ഉത്തരം.” – സാവി പറഞ്ഞു.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരത്തിനെ തിരികെ ബാഴ്സലോനയിലെത്തിക്കാൻ എഫ്സി ബാഴ്സലോന ക്ലബ്‌ ആഗ്രഹിക്കുന്നുണ്ടെങ്കിലും സൗദി ക്ലബ്ബായ അൽ ഹിലാൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി ലിയോ മെസ്സിയെ സ്വന്തമാക്കാൻ ശക്തമായി രംഗത്തുണ്ട്.