ക്യാമ്പ് നൗവിൽ വീണ്ടും മെസ്സി ചാന്റ്, താരം വരുമെന്ന സൂചനകളുമായി ഡെമ്പലെയും സാവിയും

ഈ സീസണിൽ പിഎസ്ജിക്ക് ഇനി കേവലം ഒരേയൊരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി ജേഴ്സിയിലെ അവസാന മത്സരമായിരിക്കും അത്.ആ മത്സരത്തിനുശേഷം ലയണൽ മെസ്സി പിഎസ്ജിയോട് വിടപറയും എന്നത് ഒരിക്കൽ കൂടി ഫാബ്രിസിയോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മെസ്സി എങ്ങോട്ട് എന്നത് മാത്രമാണ് ആരാധകർക്ക് അറിയേണ്ട കാര്യം.

മെസ്സി ബാഴ്സയിലേക്ക് എത്താനുള്ള സാധ്യതകൾ തന്നെയാണ് ഇപ്പോഴും തെളിഞ്ഞു കാണുന്നത്.ഇന്നലെ ക്യാമ്പ് നൗവിൽ വെച്ച് ബാഴ്സ അവസാന മത്സരം കളിച്ചിരുന്നു.ഈ മത്സരത്തിന്റെ പത്താം മിനിറ്റിൽ ബാഴ്സ ആരാധകർ ഒരിക്കൽ കൂടി ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്തിരുന്നു.തങ്ങളുടെ ഇതിഹാസതാരത്തെ കൊണ്ടുവരാനുള്ള സമ്മർദ്ദം ചെലുത്തലുകൾ ആരാധകരിൽ നിന്നും ക്ലബ്ബിന് വർദ്ധിക്കുകയാണ്.

ലയണൽ മെസ്സിയെ കുറിച്ച് ഒരുപാട് തവണ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ബാഴ്സയുടെ പരിശീലകനായ സാവി.ഒരിക്കൽ കൂടി ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി.ഒരിക്കൽ കൂടി മെസ്സിയെ ഇവിടെ കാണാൻ കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.പക്ഷേ അതൊക്കെ ലയണൽ മെസ്സിയെ ആശ്രയിച്ചു കൊണ്ടാണ് ഇരിക്കുന്നത് ‘ഇതാണ് ബാഴ്സയുടെ പരിശീലകനായ സാവി പറഞ്ഞിട്ടുള്ളത്.

ഒരുപാട് ബാഴ്സ താരങ്ങൾ മെസ്സിയുടെ തിരിച്ചുവരവിനെ കുറിച്ച് തങ്ങളുടെ പ്രതീക്ഷകൾ പ്രകടിപ്പിച്ചിരുന്നു.ആ കൂട്ടത്തിലേക്ക് ഇപ്പോൾ ഒസ്മാൻ ഡെമ്പലെയും കടന്നു വന്നിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.’ബാഴ്സയുടെ ഒരു അൾട്ടിമേറ്റ് ലെജൻഡ് ആണ് ലയണൽ മെസ്സി.ഒരിക്കൽ കൂടി അദ്ദേഹത്തെ ഇവിടെ കാണാൻ കഴിഞ്ഞാൽ അത് തികച്ചും അസാധാരണമായ ഒരു അനുഭവമായിരിക്കും’ ഇതാണ് ഡെമ്പലെ വ്യക്തമാക്കിയിട്ടുള്ളത്.

ലയണൽ മെസ്സി ബാഴ്സയിലേക്ക് മടങ്ങിയെത്താൻ തന്നെയാണ് ആഗ്രഹിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.നിലവിൽ കാര്യങ്ങളെല്ലാം ബാഴ്സയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.നിലവിലെ പ്രതിസന്ധികൾ മറികടക്കാനായാൽ മെസ്സിയെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിക്കും.അല്ല എന്നുണ്ടെങ്കിൽ മറ്റുള്ള ക്ലബ്ബുകളെ ലയണൽ മെസ്സി പരിഗണിച്ചേക്കും.