ആശങ്ക വേണ്ട,ലയണൽ മെസ്സിയുടെ കാര്യത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

പിഎസ്ജിയോടൊപ്പം ലയണൽ മെസ്സിക്ക് ഇനി കേവലം ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.അതിനുശേഷം മെസ്സി പാരീസിനോട് വിടപറയും.പക്ഷേ അടുത്ത ഡെസ്റ്റിനേഷൻ ഏതാണ് എന്നത് ലയണൽ മെസ്സി തീരുമാനിച്ചിട്ടില്ല.വരുന്ന കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ ഭാവിയെക്കുറിച്ച് സുപ്രധാന തീരുമാനം ലയണൽ മെസ്സി എടുക്കും എന്നാണ് മാധ്യമങ്ങൾ എല്ലാവരും കണ്ടെത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ റൂമറുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.അതായത് ലയണൽ മെസ്സിക്ക് ഇതുവരെ ഒരു ഓഫർ നൽകാൻ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് വാസ്തവമാണ്.മറ്റു പല ക്ലബ്ബുകൾക്കും മെസ്സിയിൽ താല്പര്യമുണ്ടെങ്കിലും മെസ്സിക്ക് ഓഫറുകൾ ലഭിച്ചിട്ടില്ല.അതേസമയം സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ ഭീമൻ ഓഫർ മെസ്സിക്ക് മുന്നിലുണ്ട്.അദ്ദേഹത്തിന്റെ പിതാവിന്റെ താല്പര്യപ്രകാരം മെസ്സി അത് സ്വീകരിച്ചേക്കുമെന്നാണ് ചില ഫ്രഞ്ച് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാൽ ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അർജന്റീനയിലെ ജേണലിസ്റ്റായ എസ്റ്റബാൻ എഡ്യൂൾ മുന്നോട്ടു വന്നിട്ടുണ്ട്.ലയണൽ മെസ്സിയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ആരാധകർക്ക് ആശങ്ക വേണ്ട എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞുവരുന്നത്.മെസ്സിയുടെ തീരുമാനങ്ങളിൽ യാതൊരുവിധ മാറ്റവും സംഭവിച്ചിട്ടില്ല.എഫ്സി ബാഴ്സലോണക്ക് തന്നെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാൻ കഴിയും എന്ന് തന്നെയാണ് മെസ്സി ഇപ്പോഴും വിശ്വസിക്കുന്നത്.ആ ശുഭാപ്തി വിശ്വാസത്തിലാണ് മെസ്സിയുള്ളത്.

അതുകൊണ്ടുതന്നെ ബാഴ്സയുടെ ഓഫർ ലഭിക്കും വരെ മെസ്സി കാത്തിരുന്നേക്കും.ബാഴ്സക്ക് നിലവിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മെസ്സി മറ്റു ഓപ്ഷനുകൾ പരിഗണിച്ചേക്കും.അപ്പോഴും യൂറോപ്പ് വിടാൻ മെസ്സി ഉദ്ദേശിക്കുന്നില്ല. ചുരുങ്ങിയത് ഒരു വർഷമെങ്കിലും യൂറോപ്പിൽ തുടരുക എന്നുള്ളതിനാണ് മെസ്സി പ്രാധാന്യം നൽകുന്നത്.അതായത് സൗദിയിലേക്കോ അമേരിക്കയിലേക്കോ മെസ്സി എത്താൻ ഇപ്പോൾ സാധ്യതയില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.

ഏതായാലും ലയണൽ മെസ്സിയുടെ പദ്ധതികൾ അറിയാൻ ഇനി അധികം കാത്തിരിക്കേണ്ടി വന്നേക്കില്ല.പിഎസ്ജിക്കൊപ്പമുള്ള മത്സരം അവസാനിച്ചതിനുശേഷമായിരിക്കും മെസ്സി പ്ലാനുകൾ വ്യക്തമാക്കുക.മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുകയോ അതല്ല എങ്കിൽ പ്രീമിയർ ലീഗിലേക്ക് ചേക്കേറുകയോ ചെയ്യാനാണ് അദ്ദേഹത്തിന്റെ ആരാധകർ ഇഷ്ടപ്പെടുന്നത്.