ഇന്ത്യയിലെ ആരാധകരെ കാണാൻ കട്ട കാത്തിരിപ്പുമായി എമിലിയാനോ മാർട്ടിനസ്

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനായി മികച്ച പ്രകടനം നടത്തുകയും കിരീടം നേടാൻ പ്രധാന പങ്കു വഹിക്കുകയും ചെയ്‌ത്‌ ആരാധകരുടെ ഹീറോയായി മാറിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക് വരുന്ന കാര്യം ഉറപ്പായി. മുൻപ് തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ താരം തന്നെ ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കൊൽക്കത്തയിലേക്കാണ് താരം വരുന്നത്.

ജൂണിൽ അർജന്റീന ഏഷ്യയിൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഖത്തർ ലോകകപ്പിൽ ഏഷ്യയിൽ നിന്നുള്ള ആരാധകർ നൽകിയ വലിയ പിന്തുണ കൂടി കണക്കിലെടുത്താണ് അർജന്റീന ഓസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്കെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. ജൂണിൽ നടക്കുന്ന മത്സരങ്ങൾക്കായി ഏഷ്യയിൽ എത്തുമ്പോഴാണ് എമിലിയാനോ മാർട്ടിനസ് ഇന്ത്യയും സന്ദർശിക്കുന്നത്.

എല്ലാവർക്കും ഹലോ, ഞാൻ ജൂലൈ 3 മുതൽ ജൂലൈ 5 വരെ ഇന്ത്യ സന്ദർശിക്കും. മോഹൻബഗൻ ക്ലബ്ബിലെ ചാരിറ്റി ഫുട്ബോൾ മത്സരത്തിന് മുഖ്യാതിഥിയാകുന്നത് കൂടാതെ ആരാധകർ സ്‌പോൺസർമാർ എന്നിവരുടെ പരിപാടികളിലും ചാരിറ്റി പ്രവർത്തനങ്ങളിലും പങ്കെടുക്കും. കൊൽക്കത്തയിലും ബംഗ്ലാദേശിനും വലിയ അർജന്റീന ആരാധകരുണ്ടെന്ന് എനിക്കറിയാം, അവരെ കാണാൻ ഞാൻ ആവേശത്തിലാണ്.” മാർട്ടിനസ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഇന്ത്യയിലേക്ക് തന്നെ എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തിയ സത്തദ്രു ദത്തക്ക് നന്ദി പറഞ്ഞ എമിലിയാനോ മാർട്ടിനസ് ബംഗാളി ഭാഷയിൽ ആരാധകരെ താൻ വളരെയധികം സ്നേഹിക്കുന്നു എന്നും കുറിച്ചിട്ടുണ്ട്. 2021ൽ മാത്രം അർജന്റീനക്കായി ആദ്യ മത്സരം കളിക്കുന്ന എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നേടിയ മൂന്ന് കിരീടനേട്ടങ്ങളിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ലോകകപ്പിലെ മികച്ച ഗോൾകീപ്പറും താരമായിരുന്നു.