എംബപ്പേയുമായി ഒത്തു പോവാത്തതിനാൽ നെയ്മർ പുറത്തേക്ക്, മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ മുന്നോട്ടുവന്നു

നെയ്മറും കിലിയൻ എംബപ്പേയും തമ്മിലുള്ള പ്രശ്നങ്ങൾ ഒട്ടേറെ തവണ മറ നീക്കി പുറത്തേക്ക് വന്നിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഈ സീസണിന്റെ തുടക്കത്തിൽ പിഎസ്ജിയിൽ ഉണ്ടായിരുന്ന പെനാൽറ്റി ഗേറ്റ് വിവാദമായിരുന്നു. പെനാൽറ്റിക്ക് വേണ്ടി നെയ്മറും എംബപ്പേയും പരസ്യമായി തർക്കിച്ചത് ലോക ഫുട്ബോളിൽ പിഎസ്ജിയെ നാണം കെടുത്തിരുന്നു.

നെയ്മർ ജൂനിയറെ ഒഴിവാക്കണം എന്നുള്ള ആവശ്യം നേരത്തെ തന്നെ കിലിയൻ എംബപ്പേ ക്ലബ്ബിനോട് ഉന്നയിച്ചിരുന്നു എന്നുള്ളത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ ഇതെല്ലാം ക്ലബ്ബും പരിശീലകനും തള്ളിക്കളഞ്ഞിരുന്നു. എന്നിരുന്നാലും നെയ്മറും എംബപ്പേയും തമ്മിലുള്ള പ്രശ്നങ്ങൾ ക്ലബ്ബിനകത്ത് പുകയുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ വീണ്ടും പുറത്തേക്ക് വന്നു തുടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ ജൂനിയറെ വിൽക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.കിലിയൻ എംബപ്പേയും ലയണൽ മെസ്സിയും ക്ലബ്ബിൽ മതി എന്നാണ് പിഎസ്ജിയുടെ തീരുമാനം. നെയ്മർക്ക് ക്ലബ്ബിൽ തുടരാനാണ് താല്പര്യമെങ്കിലും ഇത്തരമൊരു അവസ്ഥയിൽ അദ്ദേഹം ക്ലബ്ബ് വിടാൻ തയ്യാറായേക്കും. ആദ്യമൊക്കെ താരത്തിന് വേണ്ടി 150 മില്യൺ യൂറോയായിരുന്നു വിലയായി കൊണ്ട് പിഎസ്ജി നിശ്ചയിച്ചിരുന്നത്. പക്ഷേ ഇപ്പോൾ വില കുറക്കാൻ പോലും പിഎസ്ജി തയ്യാറായിട്ടുണ്ട്.

ഈ മാസം മുതൽ തന്നെ നെയ്മർക്ക് വേണ്ടിയുള്ള ഓഫറുകൾ കേട്ട് തുടങ്ങാനാണ് പിഎസ്ജിയുടെ തീരുമാനം. ട്രാൻസ്ഫർ റൂമറുകൾ പങ്കുവെക്കാറുള്ള ഫിഷാജസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഇപ്പോൾതന്നെ ഈ ബ്രസീലിയൻ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് നെയ്മറിൽ ഇൻട്രസ്റ്റ് പ്രകടിപ്പിച്ചിട്ടുള്ളത്. നെയ്മറുടെ ഉയർന്ന സാലറി താങ്ങാൻ കപ്പാസിറ്റിയുള്ള ടീമുകൾ തന്നെയാണ് ഇവ മൂന്നും.

പക്ഷേ നെയ്മർ ഏത് രൂപത്തിലുള്ള ഒരു തീരുമാനം എടുക്കും എന്നുള്ളത് ആരാധകർ നോക്കിക്കൊണ്ടിരിക്കുന്ന കാര്യമാണ്. നെയ്മർ ജൂനിയറെ കൈവിടാൻ ലയണൽ മെസ്സി സമ്മതിക്കുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്. പ്രത്യേകിച്ച് മെസ്സി കരാർ പുതുക്കാൻ ആലോചിക്കുന്ന ഒരു സമയം കൂടിയാണിത്. നെയ്മർ ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ ഒക്കെ നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും യാഥാർത്ഥ്യമായിരുന്നില്ല. 2027 വരെയുള്ള ഒരു കരാറാണ് നിലവിൽ നെയ്മർക്ക് ക്ലബ്ബുമായി ഉള്ളത്.