അറ്റാക്കിങ് നിരയിലേക്ക് ബ്രസീലിന്റെ മിന്നും താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച് ബാഴ്സ

സാമ്പത്തിക പ്രതിസന്ധി എന്നും ബാഴ്സക്ക് ഒരു വലിയ പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് താരങ്ങളെ ഒഴിവാക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നുണ്ട്. അതിലൊരു താരമാണ് ഡച്ച് സൂപ്പർതാരമായ മെംഫിസ് ഡീപേ. ഈ വരുന്ന സമ്മറിൽ അദ്ദേഹം ബാഴ്സ വിട്ടേക്കും.

അതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്ക് ഒരു സ്ട്രൈക്കറെ ബാഴ്സക്ക് ആവശ്യമായി വരും. ഇപ്പോൾ ബാഴ്സ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ലിവർപൂളിന്റെ ബ്രസീലിയൻ താരമായ റോബെർട്ടോ ഫിർമിനോയെയാണ്.ഈ വിവരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത് ഫുട്ബോൾ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോയാണ്.

ഫിർമിനോയുടെ ലിവർപൂളുമായുള്ള കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ ലിവർപൂൾ താല്പര്യപ്പെടുന്നുണ്ട്.ഫിർമിനോ ക്ലബ്ബിൽ തുടരണം എന്ന് തന്നെയാണ് പരിശീലകനായ ക്ലോപിന്റെ ആഗ്രഹം. എന്നാൽ ലിവർപൂളിന്റെ മുന്നേറ്റ നിരയിൽ ഒരുപാട് സൂപ്പർതാരങ്ങൾ ഉണ്ടായതിനാൽ ഈ ബ്രസീലിയൻ താരത്തിന് ഇപ്പോൾ മതിയായ അവസരങ്ങൾ ലഭ്യമാകുന്നില്ല.

അതുകൊണ്ടുതന്നെ ഫിർമിനോ മറ്റുള്ള ടീമുകളുടെ ഓഫറുകൾ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്.ബാഴ്സ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഓഫറുകൾ ഒന്നും താരത്തിന് നൽകിയിട്ടില്ല.സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം.സമ്മറിൽ കൂടുതൽ താരങ്ങളെ ഒഴിവാക്കാൻ കഴിഞ്ഞാൽ മാത്രമേ ഫിർമിനോക്ക് വേണ്ടി ഓഫർ നൽകാൻ ബാഴ്സ തുനിയുകയൊള്ളൂ. മാത്രമല്ല വലിയ ഒരു കരാറോ അല്ലെങ്കിൽ വലിയ ഒരു സാലറിയോ വാഗ്ദാനം ചെയ്യാൻ ബാഴ്സ തയ്യാറാവുകയുമില്ല.

ഈ പ്രീമിയർ ലീഗിൽ കിട്ടുന്ന അവസരങ്ങളൊക്കെ മുതലെടുക്കാൻ ഈ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 13 മത്സരങ്ങളിൽ പങ്കെടുത്ത ഈ താരം 7 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ഫിർമിനോ ലിവർപൂളിൽ തന്നെ തുടരാനുള്ള സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ല. പക്ഷേ മികച്ച ഒരു ഓഫർ ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹം ലിവർപൂളിനോട് ഗുഡ് ബൈ പറയാനും സാധ്യതയുണ്ട്.