ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ലോപ്പാണ് നെയ്മർ : ഡാനിയൽ റിയോളോ

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒരു അപ്രതീക്ഷിത തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റെന്നസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും കളത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു റെന്നസിന്റെ ഗോൾ പിറന്നത്.ഈ വേൾഡ് കപ്പിന് ശേഷം ക്ലബ്ബ് വഴങ്ങുന്ന രണ്ടാമത്തെ തോൽവിയാണിത്.

വേൾഡ് കപ്പിന് മുന്നേ മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക് സാധിച്ചിരുന്നു. എന്നാൽ വേൾഡ് കപ്പിന് ശേഷം മികവിലേക്ക് ഉയരാൻ അദ്ദേഹത്തിന് കഴിയുന്നില്ല.ഒരു റെഡ് കാർഡ് അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നിരുന്നു.ഇന്നലത്തെ മത്സരത്തിലും വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞില്ല.

ഇതിനെതിരെ വലിയ വിമർശനവുമായി ഫ്രഞ്ച് ജേണലിസ്റ്റായ ഡാനിയൽ റിയോളോ മുന്നോട്ടു വന്നിട്ടുണ്ട്. അതായത് ട്രാൻസ്ഫറിന്റേയും സാലറിയുടെയുമൊക്കെ കാര്യം നോക്കുമ്പോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോപ്പ് അത് നെയ്മർ ജൂനിയർ ആണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിൽ തോറ്റതിന് പിന്നാലെ Rmc സ്പോട്ടിൽ സംസാരിക്കുകയായിരുന്നു റിയോളോ.

‘ ഈ സീസണിന്റെ ആദ്യ പകുതിയിൽ മികച്ച രൂപത്തിൽ കളിച്ച താരമാണ് നെയ്മർ ജൂനിയർ. അതിന്റെ കാരണം അദ്ദേഹത്തിന് വേൾഡ് കപ്പിന് ഒരുങ്ങണം എന്നുള്ളതായിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം പിഎസ്ജി ആരാധകരെ പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. ക്ലബ്ബിനോട് ഒരു ആത്മാർത്ഥതയുമില്ല. റിക്രൂട്ട്മെന്റിന്റെയും ട്രാൻസ്ഫറിന്റെയും സാലറിയുടെയുമൊക്കെ കാര്യം എടുത്തു നോക്കിയാൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ലോപ്പ് അത് നെയ്മർ ജൂനിയറാണ് ‘ റിയോളോ പറഞ്ഞു.

ഇന്നലത്തെ മത്സരത്തിനിടെ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും വളരെയധികം തമാശയൊക്കെ പറഞ്ഞ് ചിരിക്കുന്നത് പിഎസ്ജി ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ പിഎസ്ജി ആരാധകർ നടത്തുന്നുണ്ട്.