ഹ്യൂഗോ ലോറിസിനു പിന്നാലെ മറ്റൊരു ഫ്രഞ്ച് താരം കൂടി വിരമിക്കൽ പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ ഫ്രാൻസ് ടീമിന്റെ നായകനും ഗോൾകീപ്പറുമായ ഹ്യൂഗോ ലോറിസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നിരവധി വർഷങ്ങളായി ടീമിന്റെ പ്രധാന ഗോൾകീപ്പറായി തുടർന്നിരുന്ന താരം അടുത്ത യൂറോ കപ്പിനുമുണ്ടാകും എന്നു പ്രതീക്ഷിച്ചിരിക്കെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പുതിയ താരങ്ങൾക്ക് വഴിമാറി കൊടുക്കുന്നതിനു വേണ്ടിയാണ് വിരമിക്കുന്നതെന്നാണ് ലോറിസ് പറഞ്ഞത്.

ഇപ്പോൾ ഹ്യൂഗോ ലോറിസിനു പിന്നാലെ ടീമിലുണ്ടായിരുന്ന മറ്റൊരു ഗോൾകീപ്പറായ സ്റ്റീവ് മൻഡൻഡയും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 2008 മുതൽ ഫ്രാൻസ് ടീമിനൊപ്പമുള്ള താരത്തിന് അവസരങ്ങൾ വളരെ കുറവ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. മുപ്പത്തിയേഴാം വയസിലാണ് നിലവിൽ ഫ്രഞ്ച് ക്ലബായ റെന്നാസിൽ കളിക്കുന്ന താരം ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്.

ലോറിസ് വിരമിക്കൽ പ്രഖ്യാപിച്ചത് തന്റെ പതിനഞ്ചു വർഷത്തെ ദേശീയ ടീം കരിയർ അവസാനിപ്പിച്ചാണ്. ഏതാണ്ട് അത്ര കാലത്തോളം തന്നെ മൻഡൻഡയും ദേശീയ ടീമിനൊപ്പമുണ്ടായിരുന്നു. ലോറിസ് കളിക്കളം വിട്ടതോടെ ഫ്രഞ്ച് ദേശീയ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനം ഏറ്റെടുക്കാനുള്ള അവസരമുണ്ടെന്നിരിക്കെയാണ് മൻഡൻഡായും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഇത്രയും കാലം ദേശീയ ടീമിൽ ഉണ്ടായിരുന്നിട്ടും 35 മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിരിക്കുന്നത്. അതേസമയം ലോറിസ് 145 മത്സരങ്ങൾ ഫ്രാൻസിനായി കളിച്ചു. 2018 ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ അംഗമായിരുന്നു മൻഡൻഡ. അതിനു പുറമെ ഇത്തവണ ലോകകപ്പിൽ ഫൈനലിൽ എത്താനും താരത്തിന് കഴിഞ്ഞു. എന്നാൽ ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും താരം കളിക്കാനിറങ്ങിയിട്ടില്ല.

നിലവിൽ ടീമിലുള്ള രണ്ടു ഗോൾകീപ്പർമാരും പോകുന്നതോടെ ഫ്രാൻസിന് പുതിയ ഒന്നാം നമ്പർ ഗോൾകീപ്പർ വരുമെന്നുറപ്പായി. എസി മിലാൻ ഗോൾകീപ്പർ മൈക്ക് മെയ്ഗ്നനാണ് ഫ്രാൻസിന്റെ പുതിയ ഒന്നാം നമ്പർ ഗോൾകീപ്പറാകുകയെന്നാണ് കരുതുന്നത്. ഈ ലോകകപ്പ് ടീമിൽ പരിക്ക് കാരണം താരത്തിന് ഇടം പിടിക്കാൻ കഴിഞ്ഞില്ലായിരുന്നു.