ആഴ്‌സനലിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ അട്ടിമറിക്കാൻ ചെൽസി, 100 മില്യൺ യൂറോ വാഗ്‌ദാനം

ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന ടീമുകളിൽ ഒന്നാണ് ചെൽസി. തോമസ് ടുഷെലിനെ പുറത്താക്കിയതിനു ശേഷം വന്ന ഗ്രഹാം പോട്ടറിനു കീഴിൽ ടീം മികച്ച പ്രകടനം നടത്തി തുടങ്ങിയെങ്കിലും ഇപ്പോൾ വിജയങ്ങൾ നേടാനാവാതെ പതറുകയാണ്. അതുകൊണ്ടു തന്നെ പുതിയ സൈനിംഗുകൾ നടത്താൻ ചെൽസി ബോർഡ് പണം വാരിയെറിഞ്ഞു കൊണ്ടിരിക്കുന്നു. ജനുവരി ജാലകത്തിൽ ജോവോ ഫെലിക്‌സിനെ അവർ ടീമിലെത്തിക്കുകയും ചെയ്‌തു.

ഇപ്പോൾ മറ്റൊരു താരത്തിനായി ചെൽസി ശ്രമം നടത്തുന്നുണ്ട്. ആഴ്‌സണലിന്റെ ട്രാൻസ്‌ഫർ നീക്കങ്ങളെ അട്ടിമറിച്ചാണ് പുതിയ താരത്തെ സ്വന്തമാക്കാൻ ചെൽസി ശ്രമിക്കുന്നത്. യുക്രൈൻ ക്ലബായ ഷാക്തറിന്റെ താരമായ മിഖൈലിയോ മുഡ്രിക്കിനെയാണ് ചെൽസി സ്വന്തമാക്കാൻ ശ്രമിക്കുന്നത്. താരത്തിനായി നൂറു മില്യൺ യൂറോ ചെൽസി മുടക്കാനൊരുങ്ങുന്നതെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു.

ആഴ്‌സണൽ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ച താരമാണ് മുഡ്രിച്ച്. എന്നാൽ കൂടുതൽ തുക നൽകി താരത്തെ ടീമിലെത്തിക്കാൻ വേണ്ടി ചെൽസി പ്രതിനിധികൾ ഇപ്പോൾ പോളണ്ടിൽ എത്തിയിട്ടുണ്ട്. യുക്രൈൻ ക്ലബുമായി ചർച്ചകൾ നടത്തി കരാർ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം നടത്തുകയാണ് ചെൽസി പ്രതിനിധികൾ. വിങ്ങറായി കളിക്കുന്ന മുഡ്രിക്ക് ഈ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും ഏഴു ഗോളും ആറ് അസിസ്റ്റും സ്വന്തമാക്കി.

ചെൽസി താരത്തിയായി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വിട്ട ഫാബ്രിസിയോ റൊമാനോയുടെ ട്വീറ്റ് ഷാക്തറിൽ മുഡ്രിക്കിനൊപ്പം കളിക്കുന്ന മൈക്കോല മാറ്റിയെങ്കോ ലൈക്ക് ചെയ്‌തത്‌ താരം ബ്ലൂസ് ജേഴ്‌സിയണിയാനുള്ള സാധ്യതകൾ ശക്തമാക്കുന്നു. അതേസമയം താരത്തെ എളുപ്പത്തിൽ വിട്ടുകൊടുക്കാൻ ആഴ്‌സണൽ ഒരുക്കമല്ല. ചെൽസിയുടെ ഓഫറിനൊപ്പം നിൽക്കുന്ന തുക വാഗ്‌ദാനം ചെയ്യാൻ അവരും ഒരുങ്ങുകയാണ്.

ഗബ്രിയേൽ ജീസസ് പരിക്കേറ്റു പുറത്തു പോയ സാഹചര്യത്തിലാണ് ആക്രമണനിരയിൽ പുതിയ താരത്തെയെത്തിക്കാൻ ആഴ്‌സണൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം നിലവിലെ മോശം ഫോമിനെ മറികടക്കുകയും ടീമിനെ അഴിച്ചുപണിയുകയും ചെയ്യുകയെന്നതാണ് ചെൽസിയുടെ ഉദ്ദേശം. കൂടുതൽ തുക ഓഫർ ചെയ്യുന്ന ക്ലബിലേക്കാണ് യുക്രൈൻ താരം ചേക്കേറാൻ സാധ്യത.