ഫുട്ബോളിനെക്കുറിച്ച് ഒന്നുമറിയാത്തവരാണ് ആ ഗോൾ അനുവദിച്ചത്, ബ്രൂണോ ഫെർണാണ്ടസ് ഗോളിനെതിരെ വിമർശനം

മാഞ്ചസ്റ്റർ ഡെർബിയിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോൾ ഒട്ടനവധി ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന് മുന്നിൽ നിൽക്കെ താരം നേടിയ ആ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിനു വഴി തെളിച്ചത്. അതിനു ശേഷം നാല് മിനുട്ടിനകം റാഷ്‌ഫോഡ് നേടിയ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കി. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.

മത്സരത്തിന്റെ എഴുപത്തിയെട്ടാം മിനുട്ടിൽ കസമീറോ നൽകിയ ത്രൂ പാസ് പിടിച്ചെടുക്കാൻ രണ്ടു വശത്തു നിന്നും റാഷ്‌ഫോഡും ബ്രൂണോ ഫെർണാണ്ടസും കുതിച്ചു. റാഷ്‌ഫോഡിന് പന്തിൽ മുൻ‌തൂക്കം ഉണ്ടായിരുന്നെങ്കിലും ബ്രൂണോ അടുത്തെത്തിയപ്പോൾ താരം പെട്ടന്ന് മാറി പോർച്ചുഗൽ താരത്തിന് ഷോട്ടെടുക്കാൻ അവസരം നൽകി. റാഷ്‌ഫോഡ് ഷോട്ടെടുക്കുമെന്ന് പ്രതീക്ഷിച്ച സിറ്റി പ്രതിരോധത്തെ കബളിപ്പിക്കുന്നതായിരുന്നു ആ നീക്കം. ബ്രൂണോ അനായാസം എഡേഴ്‌സണെ കീഴടക്കുകയും ചെയ്‌തു.

ലൈൻ റഫറി ആദ്യം ഓഫ്‌സൈഡ് വിധിച്ചെങ്കിലും പിന്നീട് വീഡിയോ റഫറി ഇടപെട്ട് അതു ഗോൾ അനുവദിച്ചു. പന്ത് നൽകുന്ന സമയത്ത് റാഷ്‌ഫോഡ് ഓഫ്‌സൈഡ് പൊസിഷനിൽ ആണെങ്കിലും താരം പന്തെടുക്കാൻ ശ്രമമൊന്നും നടത്താതെ ബ്രൂണോ ഫെർണാണ്ടസിനു വേണ്ടി മാറി നിന്നതാണ് ഗോൾ അനുവദിക്കാൻ കാരണമായത്. എന്നാൽ ഈ തീരുമാനത്തെ പലരും ചോദ്യം ചെയ്യുന്നുണ്ട്.

മത്സരത്തിന് ശേഷം മുൻ ചെൽസി താരമായ പീറ്റർ ചെക്ക് റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌തിരുന്നു. ആ ഗോൾ അനുവദിച്ചെങ്കിൽ ആ നിയമം ഉണ്ടാക്കിയ ആളുകൾക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് പീറ്റർ ചെക്ക് ട്വിറ്ററിൽ കുറിച്ചത്. റാഷ്‌ഫോഡ് പന്തിനായി ഓടിയതും അതുവഴി മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരങ്ങളെ തെറ്റിദ്ധരിപ്പിച്ചതും ആ നീക്കത്തിൽ ഇടപെടുന്നതു പോലെയാണെന്നാണ് ചെക്ക് ചൂണ്ടിക്കാട്ടുന്നത്.

മത്സരത്തിനു ശേഷം പെപ് ഗ്വാർഡിയോളയും തന്റെ പ്രതിരോധതാരങ്ങളെയും ഗോൾകീപ്പറെയും തെറ്റിദ്ധരിപ്പിക്കാൻ റാഷ്‌ഫോഡിന്റെ നീക്കത്തിന് കഴിഞ്ഞുവെന്നും അത് ഓഫ്‌സൈഡാണെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതേക്കുറിച്ച് പരാതി നൽകാനില്ലെന്നും ലിവർപൂളിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിലാണ് ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.