മെസ്സി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നതിന്റെ തൊട്ടരികിലെത്തി,തടസ്സം നിന്നത് ഒരേ ഒരാൾ മാത്രം

2021 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ലയണൽ മെസ്സിയെ എഫ്സി ബാഴ്സലോണക്ക് നഷ്ടമായിരുന്നത്. മെസ്സി ഫ്രീ ഏജന്റായി കൊണ്ടാണ് ക്ലബ്ബ് വിട്ടിരുന്നത്. ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയാണ് ലയണൽ മെസ്സിയെ അന്ന് സ്വന്തമാക്കിയത്. മെസ്സിയിപ്പോൾ പിഎസ്ജിയുമായി കരാർ പുതുക്കാനുള്ള ഒരുക്കത്തിലുമാണ്.

എന്നാൽ മെസ്സി ബാഴ്സ വിടുന്നതിന്റെ ഒരു വർഷം മുമ്പ് നടന്ന വിവാദങ്ങൾ ഫുട്ബോൾ ലോകത്തെ വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.അതായത് മെസ്സി തന്നെ അന്ന് ബാഴ്സ വിടാൻ ആഗ്രഹിച്ചിരുന്നു. തനിക്ക് ബാഴ്സ വിടാൻ അനുമതി നൽകണം എന്ന് റിക്വസ്റ്റ് ചെയ്തുകൊണ്ട് ക്ലബ്ബിന് ഒരു ബറോഫാക്സ് മെസ്സി അയക്കുകയും ചെയ്തിരുന്നു. പക്ഷേ ലയണൽ മെസ്സിയെ എഫ് സി ബാഴ്സലോണ പോവാൻ അനുവദിക്കാതിരിക്കുകയായിരുന്നു.

ആ സംഭവത്തെക്കുറിച്ച് ഇപ്പോൾ പ്രമുഖ സ്പാനിഷ് ജേണലിസ്റ്റായ പോൾ ബയ്യുസ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതായത് ആ ബറോഫാക്സ് അയച്ച സമയത്ത് ലയണൽ മെസ്സി പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലായിരുന്നു.സിറ്റി പരിശീലകനും തന്റെ മുൻ പരിശീലകനും ആയിരുന്ന പെപ് ഗ്വാർഡിയോളയെ ലയണൽ മെസ്സി കോൺടാക്ട് ചെയ്തിരുന്നു. ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവർ സംസാരിക്കുകയും മാഞ്ചസ്റ്റർ സിറ്റി മെസ്സിക്ക് വേണ്ടി ഓഫർ നൽകാൻ തയ്യാറാവുകയും ചെയ്തിരുന്നു.

പക്ഷേ ലയണൽ മെസ്സിയെ വിടാൻ ബാഴ്സ തയ്യാറായിരുന്നില്ല.പ്രത്യേകിച്ച് ബാഴ്സയുടെ അന്നത്തെ പ്രസിഡണ്ട് ആയിരുന്ന ബർതോമു ആയിരുന്നു മെസ്സിയുടെ ആഗ്രഹത്തിന് തടസ്സം നിന്നിരുന്നത്. ലയണൽ മെസ്സിയെ പോവാൻ ഇദ്ദേഹം അനുവദിക്കാതിരിക്കുകയായിരുന്നു. തുടർന്ന് മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചു. പിന്നീട് നടന്ന ഇലക്ഷനിൽ ലാപോർട്ടയാണ് പുതിയ പ്രസിഡന്റ് ആയിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത്.

ലയണൽ മെസ്സിയെ നിലനിർത്തുമെന്ന വാഗ്ദാനം ആരാധകർക്ക് നൽകിക്കൊണ്ടായിരുന്നു ലാപോർട്ട പ്രസിഡന്റ് ആയിരുന്നത്. എന്നാൽ ആ വാഗ്ദാനം പ്രാവർത്തികമാക്കാൻ ഇദ്ദേഹത്തിന് സാധിക്കാതെ പോയതോടെ മെസ്സി തൊട്ടടുത്ത ട്രാൻസ്ഫറിൽ ബാഴ്സ വിടുകയും ചെയ്തു.ഏതായാലും ഒരിക്കലെങ്കിലും മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്നാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്.