സാലറിക്ക് പുറമെ മറ്റൊരു 200 മില്യൺ യൂറോ കൂടി അൽ നസ്റിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കുമോ ?

നിലവിൽ ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ സാലറി കരസ്ഥമാക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ് റൊണാൾഡോയെ സ്വന്തമാക്കിയിട്ടുള്ളത്. 200 മില്യൺ യൂറോ എന്ന വലിയ തുകയാണ് സാലറിയായി കൊണ്ട് റൊണാൾഡോ ക്ലബിൽ നിന്നും കൈപ്പറ്റുക.

റൊണാൾഡോ വന്നതോടുകൂടി അൽ നസ്ർ എന്ന ക്ലബ്ബിന്റെ പ്രശസ്തി തന്നെ വലിയ രൂപത്തിൽ വർദ്ധിച്ചിട്ടുണ്ട്. റൊണാൾഡോയുടെ വരവോടുകൂടി കൂടുതൽ സൂപ്പർതാരങ്ങളെ ആകർഷിക്കാൻ ഇനി അൽ നസ്ർ ക്ലബ്ബിനും സൗദി അറേബ്യൻ ലീഗിനും സാധിക്കും.മാത്രമല്ല കൂടുതൽ സൂപ്പർ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് അൽ നസ്ർ തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

പ്രമുഖ പോർച്ചുഗീസ് മാധ്യമമായ റെക്കോർഡ് കഴിഞ്ഞ ദിവസം മറ്റൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് സാലറി ആയി കൊണ്ട് 200 മില്യൺ യൂറോ ലഭിക്കുന്നതിന് പുറമേ മറ്റൊരു 200 മില്യൺ യൂറോ കൂടി റൊണാൾഡോക്ക് ലഭിക്കും. 2030 വേൾഡ് കപ്പിന്റെ ആതിഥേയത്വം വഹിക്കാൻ വേണ്ടി സൗദി അറേബ്യ ഒരു ബിഡ് സമർപ്പിച്ചിട്ടുണ്ട്. ഇതിനെ പ്രമോട്ട് ചെയ്യുന്നതിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മറ്റൊരു 200 മില്യൺ യൂറോ കൂടി ലഭിക്കും എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു..

എന്നാൽ ഈ വാർത്തകളെ നിഷേധിച്ച് അൽ നസ്ർ ട്വിറ്ററിൽ ഒരു വാർത്ത കുറിപ്പ് ഇറക്കി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറുമായുള്ള കരാർ ഏതെങ്കിലും ലോകകപ്പ് ബിഡ്ഡുകളോട് പ്രതിബദ്ധത പുലർത്തുന്നില്ലെന്ന് അൽ നാസർ വ്യക്തമാക്കി.അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ അൽ നാസറിലും ക്ലബിനെ വിജയത്തിലെത്തിക്കാൻ സഹതാരങ്ങളുമായി പ്രവർത്തിക്കുകയുമാണെന്നും ക്ലബ് കൂട്ടിച്ചേർത്തു.

റൊണാൾഡോയെ എത്തിക്കുന്നതിന് അൽ നസ്ർ ക്ലബ്ബിനെ സൗദി ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു. വേൾഡ് കപ്പിന് ഹോസ്റ്റ് കൺട്രി ആവുക എന്നുള്ളതാണ് സൗദിയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് റൊണാൾഡോയെ അവർ എത്തിച്ചിട്ടുള്ളത്. മാത്രമല്ല ലയണൽ മെസ്സിയാണ് സൗദിയുടെ ടൂറിസം അംബാസിഡർ. അതും അവർക്ക് ഗുണകരമാവും.