മെസിക്ക് അടുത്ത ലോകകപ്പിലും കളിക്കാം, വാതിലുകൾ തുറന്നു കിടക്കുമെന്ന് ലയണൽ സ്‌കലോണി

ഖത്തർ ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ചതിനു ശേഷം ഫൈനലിൽ വിജയം നേടിയാലും ഇല്ലെങ്കിലും ഇതു തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നു മെസി പറഞ്ഞത് ആരാധകർക്ക് വലിയ നിരാശ നൽകിയ കാര്യമായിരുന്നു. ഖത്തർ ലോകകപ്പ് കളിക്കുമ്പോൾ മുപ്പത്തിയഞ്ചു വയസായ തനിക്ക് അടുത്ത ലോകകപ്പ് വരെയും ഫോം നിലനിർത്താൻ കഴിയില്ലെന്നതാവാം മെസി അങ്ങിനെ പറയാൻ കാരണമായത്. എന്നാൽ താരം ഇനിയും വളരെക്കാലം കളിക്കണമെന്നാണ് ആരാധകർ കരുതുന്നത്.

ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കിരീടം നേടിയതിനു ശേഷം മെസിയത് നിഷേധിച്ചിരുന്നു. ലോകകപ്പ് ജേതാവായി അർജന്റീനക്കൊപ്പം മത്സരങ്ങൾ കളിക്കണമെന്നാണ് മെസി പറഞ്ഞത്. ഇപ്പോൾ ലയണൽ മെസി അടുത്ത ലോകകപ്പിലും ഉണ്ടാകുമെന്ന പ്രതീക്ഷ പരിശീലകനായ ലയണൽ സ്‌കലോണി നൽകിയിട്ടുണ്ട്. മെസിക്ക് അടുത്ത ലോകകപ്പിലും കളിക്കാൻ കഴിയുമെന്നും താരത്തിനു മുന്നിൽ ടീമിന്റെ വാതിലുകൾ തുറന്നു കിടക്കുമെന്നുമാണ് സ്‌കലോണി പറഞ്ഞത്.

“മെസിക്ക് അടുത്ത ലോകകപ്പിലും കളിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്, ഞങ്ങൾക്കും അത് നന്നായിരിക്കും. എന്നാൽ താരത്തിനെന്തു വേണമെന്നതിനെ അത് വളരെയധികം ആശ്രയിച്ചിരിക്കും. എന്താണ് മെസിക്ക് തോന്നുന്നതെന്നും മൈതാനത്ത് താരം സന്തോഷവാനാണോ എന്നതുമെല്ലാം അതിൽ ബാധകമാണ്. എന്തായാലും മെസിക്ക് മുന്നിൽ അർജന്റീനയുടെ വാതിലുകൾ തുറന്നു കിടക്കും.” കഴിഞ്ഞ ദിവസം മയോർക്കയിൽ വെച്ച് റേഡിയോ കാൽവിയയോട് സംസാരിക്കുമ്പോൾ ലയണൽ സ്‌കലോണി പറഞ്ഞു.

ഈ ലോകകപ്പിൽ മുപ്പത്തിയൊമ്പതു കഴിഞ്ഞ നിരവധി താരങ്ങൾ കളിച്ചിരുന്നു. ബ്രസീൽ താരമായ ഡാനി ആൽവ്സിനും പോർച്ചുഗീസ് താരം പെപ്പെക്കും മുപ്പത്തിയൊമ്പതു വയസായിരുന്നു. ഇതിൽ പെപ്പെ ടീമിനായി ഭൂരിഭാഗം മത്സരങ്ങളും കളിച്ചു. മുപ്പത്തിയെട്ടുകാരനായ തിയാഗോ സിൽവയായിരുന്നു ബ്രസീൽ പ്രതിരോധത്തിലെ പ്രധാനി. അതുകൊണ്ടു തന്നെ പരിക്കിനെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ അടുത്ത ലോകകപ്പിൽ കളിക്കാൻ മെസിക്ക് കഴിയുമെന്നതിൽ സംശയമില്ല.