അർജന്റീനയെ തോൽപ്പിച്ച ഏക ടീമാണ് സൗദി, അവിടേക്കാണ് ക്രിസ്റ്റ്യാനോ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ നടത്തിയിരിക്കുന്നത്: പിന്തുണച്ച് പിയേഴ്സ് മോർഗൻ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിലേക്കുള്ള ട്രാൻസ്ഫർ യഥാർത്ഥത്തിൽ ഏവർക്കും ഒരു അത്ഭുതമായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റാണ് റൊണാൾഡോയെ വലിയ സാലറി നൽകിക്കൊണ്ട് സ്വന്തമാക്കിയിട്ടുള്ളത്. ഒരു വർഷം 200 മില്യൺ യൂറോയോളം സാലറിയാണ് റൊണാൾഡോക്ക് ലഭിക്കുക. ലോക ഫുട്ബോൾ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാലറിയാണ് ഇത്.

യഥാർത്ഥത്തിൽ റൊണാൾഡോയുടെ ഈ സ്ഥിതിഗതികൾ മാറിമറിയാൻ കാരണം അദ്ദേഹം പിയേഴ്സ് മോർഗ്ഗനുമായി നടത്തിയ ഒരു ഇന്റർവ്യൂ ആയിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനങ്ങൾ റൊണാൾഡോ ഉന്നയിച്ചതോടെ അദ്ദേഹത്തിന്റെ കരാർ യുണൈറ്റഡ് തന്നെ ഒഴിവാക്കുകയായിരുന്നു.തുടർന്നാണ് റൊണാൾഡോക്ക് സൗദി അറേബ്യയിൽ എത്തേണ്ടി വന്നിട്ടുള്ളത്.

റൊണാൾഡോയുടെ ഈ നീക്കത്തെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തും പത്രപ്രവർത്തകനുമായ പിയേഴ്സ് മോർഗൻ രംഗത്ത് വന്നിട്ടുണ്ട്. റൊണാൾഡോ ഫിനിഷിഡ് ആയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോർഗൻ. വേൾഡ് കപ്പിൽ അർജന്റീന തോൽപ്പിച്ച ഏക ടീമാണ് സൗദിയെന്നും അവിടേക്കാണ് റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ നടത്തിയത് എന്നുമാണ് മോർഗൻ പറഞ്ഞിട്ടുള്ളത്.ട്വിറ്ററിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്.

‘ അവസാനമായി ഞാൻ പരിശോധിച്ചപ്പോൾ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആണ് നടത്തിയിട്ടുള്ളത്.അതായത് കായിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാലറി ലഭിക്കുന്ന താരമായി മാറാൻ റൊണാൾഡോക്ക് ഈ 38 ആം വയസ്സിൽ സാധിച്ചിരിക്കുന്നു.മാത്രമല്ല ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയെ പരാജയപ്പെടുത്തിയ ഏക ടീമായ സൗദി അറേബ്യയിലാണ് അദ്ദേഹം ഇനി കളിക്കാൻ പോകുന്നത് ‘ ഇതാണ് പിയേഴ്സ് മോർഗൻ മറുപടിയായി പറഞ്ഞിട്ടുള്ളത്.

റൊണാൾഡോയുടെ അരങ്ങേറ്റമാണ് ഇനി ആരാധകർക്ക് കാണേണ്ടത്.പിഎസ്ജിക്കെതിരെയുള്ള ഓൾ സ്റ്റാർ ഇലവനിൽ റൊണാൾഡോ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ റൊണാൾഡോയുടെ സൗദിയിലെ അരങ്ങേറ്റം ലയണൽ മെസ്സിയുടെ പിഎസ്ജിക്കെതിരെയാവും