ടോട്ടൻഹാമിൽ നിന്നാൽ കിരീടങ്ങൾ കിട്ടില്ല, വേഗം യുണൈറ്റഡിലേക്ക് പോവൂ : കെയ്നിനോട് റിയോ ഫെർഡിനാന്റ്

2009 മുതൽ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ് പറിന് വേണ്ടി കളിക്കുന്ന സൂപ്പർ താരമാണ് ഹാരി കെയ്ൻ.കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർക്ക് സാധിക്കാറുണ്ട്. എല്ലാ സീസണിലും നല്ല രൂപത്തിൽ അദ്ദേഹം ഗോളുകൾ നേടാറുണ്ട്.ഈ പ്രീമിയർ ലീഗിൽ ഇപ്പോൾതന്നെ 15 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

പക്ഷേ ടോട്ടൻഹാമിനൊപ്പം കിരീടങ്ങൾ നേടാനുള്ള ഭാഗ്യം ഹാരി കെയ്ന് ഇല്ലാതെ പോവുകയായിരുന്നു.താൻ തന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്താലും ടീമിന് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നില്ല. ഒരുതവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതാണ് സ്പർസിന്റെ ഏറ്റവും വലിയ നേട്ടം. അതുകൊണ്ടുതന്നെ ഇടക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവാനുള്ള ശ്രമങ്ങൾ ഈ താരം നടത്തിയിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു.

ഇപ്പോഴിതാ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ് ചില ഉപദേശ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.ടോട്ടൻഹാമിൽ നിന്നാൽ ഒന്നും തന്നെ നേടാൻ ആവില്ലെന്നും അതുകൊണ്ടുതന്നെ കെയ്ൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവണം എന്നുമാണ് റിയോ പറഞ്ഞിട്ടുള്ളത്. വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ എന്ത് വില കൊടുത്തും യുണൈറ്റഡ് താരത്തെ സ്വന്തമാക്കണമെന്നും റിയോ ഫെർഡിനാന്റ് കൂട്ടിച്ചേർത്തു.

‘ ഞാൻ ആദ്യം ടോട്ടൻഹാം ആരാധകരോട് ഒരു സോറി പറയട്ടെ.ഇനി ഹാരി കെയ്നിനോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ ടോട്ടൻഹാമിൽ തുടർന്നാൽ നിങ്ങൾക്ക് ഒന്നും നേടാൻ കഴിയില്ല. അതുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവൂ. യുണൈറ്റഡ് വരുന്ന സമ്മറിൽ എന്ത് വിലകൊടുത്തും ഈ ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കണം. ഒരു സീസണിൽ 25 ഗോളുകൾ വരെ നേടാൻ കഴിയുന്ന താരമാണ് കെയ്ൻ. ഇത്തരത്തിലുള്ള ഒരു താരത്തിന് വേണ്ടി എന്ത് വില നൽകാനും യുണൈറ്റഡ് തയ്യാറാവണം ‘ റിയോ പറഞ്ഞു.

ഈ ജനുവരിയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ കരാർ യുണൈറ്റഡ് തന്നെ ടെർമിനേറ്റ് ചെയ്യുകയായിരുന്നു.അതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്ക് യുണൈറ്റഡ് ഒരു സ്ട്രൈക്കറെ ആവശ്യമുണ്ട്. ആ സ്ഥാനത്തേക്ക് കെയ്നിനെ പരിഗണിക്കാനാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.