ലയണൽ മെസ്സിയെ സന്തോഷത്തോടെ സൗദി പ്രൊ ലീഗിലേക്ക് സ്വാഗതം ചെയ്യുമെന്ന് ലീഗ് ഡയറക്ടർ |Lionel Messi

കഴിഞ്ഞ സീസണിൽ പിഎസ്ജി വിട്ട സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ ശ്രമം നടത്തിയിരുന്നു. സൗദി ക്ലബ് അൽ ഹിലാൽ 500 മില്യൺ യൂറോ വാഗ്ദാനം ചെയ്യുകയും ചെയ്‌തെങ്കിലും മെസ്സി അത് നിരസിക്കുകയും മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലേക്ക് ചേക്കേറുകയും ചെയ്തു.

എന്നാൽ മെസ്സിക്ക് വേണ്ടി ലീഗ് വാതിലുകൾ അടച്ചിട്ടില്ലെന്ന് ദി ഗാർഡിയനോട് സംസാരിക്കവേ സൗദി പ്രോ ലീഗിന്റെ സ്‌പോർട്‌സ് ഡയറക്ടർ മൈക്കൽ എമെനാലോ പറഞ്ഞു.അടുത്ത സീസണിൽ മെസ്സി തന്റെ തീരുമാനം എടുക്കുന്നത് വരെ കാത്തിരിക്കാൻ തങ്ങൾ തയ്യാറാണെന്ന് എമെനാലോ ദി ഗാർഡിയനോട് പറഞ്ഞു.

“ലയണൽ മെസ്സി എം‌എൽ‌എസിൽ എത്തിയതിന്റെ കാരണങ്ങൾ എനിക്ക് ഉത്തരമില്ലാത്ത ഒന്നാണ്.അടുത്ത സീസണിൽ അദ്ദേഹം ഇവിടെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അതേസമയം MLS-ൽ തന്നെ തുടരാനാണ് തീരുമാനമെങ്കിലും താരത്തിന്റെ തീരുമാനത്തെ സന്തോഷത്തോടെ ഞങ്ങൾ അംഗീകരിക്കും” എമെനാലോ പറഞ്ഞു.

“ഏതൊരു സൂപ്പർതാരത്തിന് സൗദി പ്രൊ ലീഗിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിലും അതിനു വേണ്ടി ശ്രമങ്ങൾ നടത്താൻ ഞങ്ങൾ തയ്യാറാണ്.നിങ്ങൾക്കറിയാവുന്നതും എനിക്കറിയാവുന്നതുമായ ഏതെങ്കിലും സൂപ്പർതാരങ്ങൾ ഇവിടേക്ക് വരണം എന്ന സൂചന നൽകുകയാണെങ്കിൽ എത്ര ബുദ്ധിമുട്ടിയാലും ഞങ്ങൾ അവരെ കൊണ്ട് വരും “മൈക്കൽ എമനാലോ കൂട്ടിച്ചേർത്തു.