ബാഴ്സയെയും കീഴടക്കി ലാ ലിഗയിൽ ജിറോണ കുതിക്കുന്നു : ന്യൂ കാസിലിനെ തകർത്ത് ടോട്ടൻഹാം : മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

ചാമ്പ്യന്മാരായ ബാഴ്‌സലോണയെ 4-2ന് തോൽപ്പിച്ച് ലാലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് ജിറോണ. ബാഴ്സലോണയുടെ ഈ സീസണിലെ രണ്ടാം ലീഗ് തോൽവിയാണ് ഇത്.12-ാം മിനിറ്റിൽ ആർടെം ഡോവ്‌ബിക് ജിറോണയെ മുന്നിലെത്തിച്ചു. താരത്തിന്റെ ലാലിഗ സീസണിലെ എട്ടാം ഗോളായിരുന്നു ഇത്.എന്നാൽ 19 ആം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി തന്റെ ഗോൾ സ്‌കോറിംഗ് ഫോം വീണ്ടും കണ്ടെത്തുകയും ബാഴ്സലോണയുടെ സമനില ഗോൾ നേടുകയും ചെയ്തു.

നവംബർ 12 ന് അലാവസിനെതിരെ നേടിയ ഇരട്ട ഗോളിന് ശേഷം ഏകദേശം ഒരു മാസത്തിനിടെ ബാഴ്‌സയ്‌ക്കായി പോളണ്ട് സ്‌ട്രൈക്കറുടെ ആദ്യ ഗോളായിരുന്നു ഇത്. 40 ആം മിനുട്ടിൽ ഗുട്ടറസ് ജിറോണയുടെ ലീഡ് പുനഃസ്ഥാപിച്ചു. 80 ആം മിനുട്ടിൽ വലേറി ഫെർണാണ്ടസ് ജിറോണയുടെ മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഗുണ്ടോഗൻ ബാഴ്സയ്ക്കായി മറ്റൊരു ഗോൾ മടക്കി.സ്റ്റോപ്പേജ് ടൈമിൽ സ്റ്റുവാനി ജിറോണയുടെ നാലാം ഗോൾ നേടി വിജയമുറപ്പിച്ചു.ഈ ജയത്തോടെ ലാലിഗയിൽ 16 കളികളിൽ നിന്ന് 41 പോയിന്റുമായി സ്റ്റാൻഡിംഗിൽ ജിറോണ ഒന്നാമതെത്തി.റയൽ ബെറ്റിസിനോട് സമനില വഴങ്ങിയ റയൽ മാഡ്രിഡ് 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

ബാഴ്‌സലോണ 34 പോയിന്റുമായി നാലാമതാണ്. മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് അൽമേരിയയെ 2-1 ന് തോൽപിച്ചു.അൽവാരോ മൊറാറ്റയുടെയും ഏഞ്ചൽ കൊറിയയുടെയും ആദ്യ പകുതിയുടെ ഗോളുകളാണ് അത്ലറ്റികോക്ക് വിജയം നേടിക്കൊടുത്തത്. 34 പോയിന്റുമായി പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ്.ഈ സീസണിൽ ഇതുവരെ ഒരു കളിയും ജയിച്ചിട്ടില്ലാത്ത ഏക ലാലിഗ ടീമാണ്‌ അൽമേരിയ.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തകർപ്പൻ ജയവുമായി ടോട്ടനം ഹോട്ട്സ്പർ. ഒന്നിനെതിരെ നാല് ​ഗോളിന് ന്യൂകാസിലിനെയാണ് ടോട്ടനം പരാജയെടുത്തിയത്.റിച്ചാർലിസൺ ടോട്ടനത്തിനായി ഇരട്ട ​ഗോൾ നേടിയപ്പോൾ ഡെസ്റ്റിനി ഉഡോ​ഗിയും സണ്‍ ഹ്യും മിന്നും ഓരോ​ ​ഗോൾ വീതം നേടി. ജോലിന്റൺ ന്യൂകാസിലിന്റെ ആശ്വാസ ​ഗോൾ നേടി.26-ാം മിനിറ്റിൽ ഡെസ്റ്റിനി ഉഡോ​ഗി ടോട്ടനത്തെ മുന്നിലെത്തിച്ചു. 38-ാം മിനിറ്റിൽ റിച്ചാർലിസണന്റെ ഗോളിൽ ലീഡ് ഇരട്ടിയാക്കി. 60-ാം മിനിറ്റിൽ ബ്രസീൽ താരം ടോട്ടൻഹാമിന്റെ മൂന്നാം ഗോളും നേടി.84-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി സണ്‍ ഹ്യും മിന്‍ ടോട്ടനത്തിന്റെ നാലാം ഗോൾ നേടി,91-ാം മിനിറ്റിൽ ജോലിന്റൺ ന്യൂകാസിലിനായി ആശ്വാസ ​ഗോൾ നേടി. 16 മത്സരങ്ങളിൽ നിന്നും 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടൻഹാം.

ബെർണാഡോ സിൽവയും ജാക്ക് ഗ്രീലിഷും മൂന്ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ നേടിയ ഗോളുകളിൽ മാഞ്ചസ്റ്റർ സിറ്റി 2-1 ന് ലൂട്ടൺ ടൗണിനെ പരാജയപ്പെടുത്തി.അഞ്ച് ലീഗ് മത്സരങ്ങളിൽ ആദ്യ വിജയം രേഖപ്പെടുത്തിയിരിക്കുകയാണ് സിറ്റി.33 പോയിന്റുമായി നാലാം സ്ഥാനത്ത് ആണ് മാഞ്ചസ്റ്റർ സിറ്റി.ലൂട്ടൺ ഒമ്പത് പോയിന്റുമായി പതിനേഴാം സ്ഥാനത്താണ്.