റൊണാൾഡോ, മാനെ, താലിസ്‌ക : സൗദി പ്രോ ലീഗിൽ അൽ റിയാദിനെതിരെ വിജയവുമായി അൽ നാസ്സർ  | Al Nassr | Cristiano Ronaldo

ഇന്നലെ റിയാദിലെ അൽ-അവ്വൽ പാർക്കിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അൽ റിയാദിനെ പരാജയപ്പെടുത്തി.

അൽ നാസറിനായി ബ്രസീലിയൻ താരം ആൻഡേഴ്സൺ ടാലിസ്കാ ഇരട്ട ഗോളുകൾ നേടി. മത്സരത്തിന്റെ 31 ആം മിനുട്ടിൽ സാദിയോ മാനേയുടെ അസ്സിസ്റ്റിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ ആദ്യ ഗോൾ നേടി.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നും ഒട്ടാവിയോ ഹെഡ്ഡറിൽ നിന്നും നേടിയ ഗോളിൽ അൽ നാസർ ലീഡ് ഇരട്ടിയാക്കി.

സൗദി ലീഗിൽ ആകെ 15 മത്സരങ്ങളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് പതിനാറ് ഗോളുകളും എട്ട് അസിസ്റ്റുകളും താരം സ്വന്തമാക്കി കഴിഞ്ഞു.കരിയറിൽ ആകെ 1200 മത്സരങ്ങൾ ഇപ്പോൾ ക്രിസ്റ്റ്യാനോ പൂർത്തിയാക്കി കഴിഞ്ഞു. ഇന്നലെ 1200 ആമത്തെ പ്രൊഫഷണൽ മത്സരമായിരുന്നു അദ്ദേഹം കളിച്ചത്.67-ാം മിനിറ്റിൽ ബ്രസീലിയൻ സ്‌ട്രൈക്കർ ആൻഡേഴ്‌സൺ ടാലിസ്‌ക അൽ നാസറിന്റെ മൂന്നാം ഗോൾ നേടി സ്‌കോർഷീറ്റിൽ തന്റെ പേര് ചേർത്തു.

68 ആം മിനുട്ടിൽ ആന്ദ്രെ ഗ്രേയിലൂടെ അൽ റിയാദ് ഒരു ഗോൾ മടക്കി.രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മറ്റൊരു സെറ്റ് പീസ് ഗോളോടെ അൽ നാസർ മത്സരം അവസാനിപ്പിച്ചു.വലതുവശത്ത് നിന്ന് സുൽത്താൻ അൽ-ഗന്നം നൽകിയ ക്രോസ് തലിസ്‌ക വലയിലെത്തിച്ച് സ്കോർ 4 -1 ആക്കി ഉയർത്തി.ഈ വിജയം അൽ നാസറിനെ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്ത് നിലനിർത്തുന്നു, ലീഡർ അൽ ഹിലാലിനേക്കാൾ ഏഴ് പോയിന്റ് പിന്നിലായിട്ടാണ് സ്ഥാനം.16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റാണ് അൽ നസ്റിന് ഉള്ളത്.ലീഗിലെ എട്ടാം തോൽവിക്ക് ശേഷം അൽ റിയാദ് ഒരു സ്ഥാനം താഴേക്ക് പോയി 14 ആം സ്ഥാനത്തെത്തി.