2026 ഫിഫ ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി ലയണൽ മെസ്സി

രാജ്യാന്തര ജേഴ്സികളിൽ കളിക്കുമ്പോൾ ഫൈനലിൽ സ്ഥിരമായി തോൽക്കുന്നതിനാൽ തോൽവികളുടെ ഭാരം സഹിക്കാനാവാതെ ഒരിക്കൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു പോയ താരമാണ് ലിയോ മെസ്സി. എന്നാൽ വർഷങ്ങൾക്കിപ്പുറം അറേബ്യയുടെ മണ്ണിൽ താൻ സ്വപ്നം കണ്ട ഫിഫ വേൾഡ് കപ്പ്‌ കിരീടവും നേടി തന്റെ കരിയറിലെ നേട്ടങ്ങൾ ലിയോ മെസ്സി പൂർത്തിയാക്കി.

2026-ലെ ഫിഫ വേൾഡ് കപ്പിൽ നിലവിലെ ചാമ്പ്യൻമാർ എന്ന നേട്ടവുമായെത്തുന്ന അർജന്റീന സംഘത്തിൽ നിങ്ങൾക്ക് ഇനി ലിയോ മെസ്സിയെ കാണാനാവില്ല. അടുത്ത വേൾഡ് കപ്പിൽ മത്സരങ്ങൾ കാണാൻ വരുമെങ്കിലും താൻ കളിക്കാൻ ഉണ്ടാകില്ലെന്ന് വീണ്ടും ലിയോ മെസ്സി പറയുകയാണ്. നിലവിൽ ചൈനയിലുള്ള ലിയോ മെസ്സി നൽകിയ ഒരു ഇന്റർവ്യൂവിലാണ് ഇക്കാര്യം താരം പറയുന്നത്.

“ഞാൻ നേരത്തെ പറഞ്ഞതുപോലെ അടുത്ത ഫിഫ ലോകകപ്പിൽ ഞാൻ പങ്കെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. 2026-ലെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നില്ല എന്ന് നേരത്തെ പറഞ്ഞതിനെ കുറിച്ച് ഞാൻ എന്റെ മനസ്സ് മാറ്റിയിട്ടില്ല. ഫിഫ വേൾഡ് കപ്പ്‌ കാണാൻ ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ ലോകകപ്പിൽ കളിക്കാൻ പോകുന്നില്ല.” – ലിയോ മെസ്സി പറഞ്ഞു.

2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളിലാണ് വേൾഡ് കപ്പ്‌ മത്സരങ്ങൾ നടക്കുന്നത്. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ടുപോയ ലിയോ മെസ്സി അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലേക്കാണ് കൂടുമാറിയത്. 2024-ലെ കോപ്പ അമേരിക്ക, 2026-ലെ ഫിഫ വേൾഡ് കപ്പ്‌ എന്നിവ അമേരിക്കയിൽ വെച്ച് കൂടിയാണ് നടക്കുന്നത് എന്നത് കൂടി മുന്നിൽ കണ്ടാണ് ലിയോ മെസ്സി ഇന്റർ മിയാമിയിൽ പോയതെന്നാണ് ചിലരുടെ വാദം.