ഓസ്ട്രേലിയക്കെതിരെയുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സി കളിക്കുമെങ്കിലും ഇന്തോനേഷ്യക്കെതിരെ കളിക്കില്ല | Lionel Messi

യൂറോപ്യൻ ഫുട്ബോളിന്റെ 2022-2023 സീസൺ അവസാനിച്ചതിനാൽ ഒഴിവുകാലം ആഘോഷിക്കാൻ ഒരുങ്ങുകയാണ് താരങ്ങൾ. എന്നാൽ അതിനു മുൻപായി ചില ഇന്റർനാഷണൽ മത്സരങ്ങൾക്ക് വേണ്ടിയും സൂപ്പർ താരങ്ങൾക്ക് ഒരുങ്ങണം. ബ്രസീൽ, പോർച്ചുഗൽ, അർജന്റീന ടീമുകൾ എല്ലാം മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുകയാണ്.

അർജന്റീനയുടെ മത്സരങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ജൂൺ 15-ന് ഓസ്ട്രേലിയക്കെതിരെയും ജൂൺ 19-ന് ഇന്തോനേഷ്യക്കെതിരെയുമാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ അരങ്ങേറുന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരം ചൈനയിൽ വെച്ചും ഇന്തോനേഷ്യക്കെതിരായ മത്സരം അവരുടെ നാട്ടിൽ വെച്ചുമാണ് നടക്കുന്നത്.

നിലവിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുന്ന ലിയോ മെസ്സിയും സംഘവും നിലവിൽ ചൈനയിലാണുള്ളത്. ലിയോ മെസ്സി തന്റെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ടതിനു ശേഷം ഇന്റർ മിയാമിയിൽ ജോയിൻ ചെയ്തതിന് ശേഷം കളിക്കുന്ന ആദ്യ മത്സരം കൂടിയാണിത്. നിലവിലെ വേൾഡ് കപ്പ്‌ ചാമ്പ്യൻമാർ എന്നൊരു തലയെടുപ്പോടെയാണ് അർജന്റീന ടീം വരുന്നത്.

ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ കളിക്കുന്ന ലിയോ മെസ്സി ഇന്തോനേഷ്യക്കെതിരായ രണ്ടാം മത്സരത്തിൽ കളിക്കില്ല എന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ മത്സരം കഴിഞ്ഞ് രണ്ടാം മത്സരത്തിന് വേണ്ടി ഇന്തോനേഷ്യയിലേക്ക് പോകുന്ന അർജന്റീന ടീമിനോടൊപ്പം ലിയോ മെസ്സി യാത്ര ചെയ്യില്ല എന്നാണ് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നത്. ലിയോ മെസ്സി തന്റെ ഒഴിവുകാലം ആഘോഷിച്ചതിന് ശേഷം ഉടനെ ഇന്റർ മിയാമിയോടൊപ്പം ചേരും.