ലയണൽ മെസ്സിക്ക് പിന്നാലെ പിഎസ്ജിയോടുള്ള പക വീട്ടി നെയ്മർ | Lionel Messi

ലയണൽ മെസ്സിക്ക് പിന്നാലെ പി എസ് ജിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അൺഫോളോ ചെയ്ത് നെയ്മറും. സാധാരണഗതിയിൽ മുൻ ക്ലബ്ബുകളുടെയും മറ്റു ക്ലബ്ബുകളുടെയും അക്കൗണ്ടുകൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാറുള്ള ഇരുവരും പിഎസ്‌ജിയുടെ അക്കൗണ്ട് മാത്രം അൺഫോളോ ചെയ്തത് പിഎസ്‌ജിയോടുള്ള പ്രതികാര നടപടിയായി കണക്കുകൂട്ടുന്നുണ്ട്.

കാരണം ഇരുവർക്കും അത്ര നല്ല കാലമായിരുന്നില്ല പി എസ്ജിയിൽ.ബാഴ്സയിലും അർജന്റീനയിലും ഒരു രാജാവിനെ പോലെ കഴിഞ്ഞ മെസ്സിക്ക് പി എസ് ജി മാനേജ്മെന്റ് ഭാഗത്ത് നിന്നും ആരാധകരുടെ ഭാഗത്ത് നിന്നും അത്ര ശുഭകരമായ കാര്യങ്ങളല്ല നേരിടേണ്ടി വന്നത്. മെസ്സിക്കെതിരെ പി എസ് ജി ആരാധകർ ഉയർത്തിയ പ്രതിഷേധ ബാനറുകളും സൗദിയിൽ സന്ദർശനം നടത്തിയതിന് ക്ലബ് മാനേജ്മെന്റ് മെസ്സിയെ സസ്പെൻഡ് ചെയ്തതുമെല്ലാം മെസ്സി പി എസ് ജി യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അൺഫോളോ ചെയ്യുന്നതിന് കാരണമായി എന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

നെയ്മർക്കും സമാന സമീപനം തന്നെയാണ് പി എസ് ജി ആരാധകരുടെ ഭാഗത്തുനിന്നും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. മെസ്സി നേരിട്ടതുപോലെ കൂറ്റൻ പ്രതിഷേധ ബാനറു കളും നെയ്മറും ആരാധകരുടെ ഭാഗത്ത് നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ എംബാപ്പെ- നെയ്മർ പോരിൽ മാനേജ്മെന്റ് എംബാപ്പെയ്ക്ക് അനുകൂലമായി നിലപാടുകൾ സ്വീകരിച്ചതും നെയ്മർക്ക് പി എസ് ജിയോടുള്ള അനിഷ്ടത്തിന് കാരണമായി.

കൂടാതെ ക്ലബ്ബ് വിടാൻ ആഗ്രഹമില്ലാതിരുന്ന നെയ്മറെ പി എസ് ജി വിറ്റഴിക്കാനുള്ള ശ്രമങ്ങൾ നടത്തിയതും നെയ്മർക്ക് പി എസ് ജിയോടുള്ള അനിഷ്ടത്തിന് കാരണമായ ഘടകമാണ്.