പിതാവിന്റെ പാതയിൽ മകനും; തിയാഗോയും ഇന്റർമിയാമിയിൽ

ഇന്റർമിയാമിൽ വലിയ മാറ്റങ്ങളാണ് ലയണൽ മെസ്സി ഉണ്ടാക്കിയത്. പരാജയത്തിൽ കൂപ്പുകുത്തിയ ഒരു ടീമിനെ കൈപിടിച്ചുയർത്തെഴുന്നേൽപ്പിച്ച മെസ്സി ടീമിനായി ഒരു കിരീടവും മറ്റൊരു കിരീട പോരാട്ടത്തിനുള്ള യോഗ്യതയും നൽകി കഴിഞ്ഞു.

ഇന്റർമയാമിയിൽ മാത്രമല്ല അമേരിക്കയിൽ ഒന്നാകെ മെസ്സി വലിയ തരംഗമായി മാറുമ്പോൾ മെസ്സിയുടെ മകനും ആ പാത പിന്തുടരുകയാണ്. അച്ഛൻ ഇന്റർമിയാമിക്കായി തകർപ്പൻ പ്രകടനം കാഴ്ചവെക്കുമ്പോൾ മകൻ തിയാഗോ മെസ്സിയും ഇന്റർമിയാമിയുടെ അക്കാദമിയിൽ ചേർന്നിരിക്കുകയാണ്. പത്തു വയസ്സു മാത്രം പ്രായമുള്ള തിയാഗോ വരും ദിവസങ്ങളിൽ മിയാമിയുടെ അക്കാദമി ക്യാമ്പുകളിൽ പങ്കെടുക്കും.

മെസ്സിയും കുടുംബവും നിലവിൽ അമേരിക്കയിലെ ഫ്ലോറിഡയിലാണ് താമസിക്കുന്നത്. മകന്റെ ഫുട്ബോൾ കരിയറിന്റെ മികച്ച ഭാവിക്കായി മാതാപിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാനാണ്, അത്ര പ്രശംസതമല്ലാത്ത ഇന്റർ മയാമിയുടെ അക്കാദമിയിൽ തന്നെ മെസ്സി മകനെ ഭാഗമാക്കിയത്.

അതേസമയം തിയാഗോ ഒരുപാട് വർഷക്കാലം മയാമിയുടെ അക്കാദമിയിൽ തുടർന്നേക്കില്ല. ഭാവിയിൽ താരം യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ അക്കാദമികളിൽ ഭാഗമായേക്കും. നിലവിൽ മാതാപിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് ടിയാഗോയും മയാമിയുടെ അക്കാദമി തെരഞ്ഞെടുത്തിരിക്കുന്നത്.മയാമി അക്കാദമിയിലൂടെ ഫുട്ബോൾ കരിയറിന്റെ ആദ്യ ചുവടുവെയ്ക്കുന്ന തിയാഗോ അച്ഛനെപ്പോലെ ലോകം അറിയുന്ന ഫുട്ബോൾ താരമായി മാറട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന.