മെസ്സിക്ക് 3 മത്സരങ്ങൾ നഷ്ടമാവും; സ്ഥിരീകരണവുമായി പരിശീലകൻ |Lionel Messi

മെസ്സി ഇന്ന് മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റ ഗോൾ നേടുകയും മയാമിയുടെ വിജയം ഉറപ്പാക്കുകയും ചെയ്തതിനു പിന്നാലെ മായാമി ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്ത പുറത്തുവിട്ട് പരിശീലകൻ ടാറ്റാ മാർട്ടിനോ. അടുത്തമാസത്തെ ക്ലബ്ബിന്റെ മൂന്നു മത്സരങ്ങളിൽ മെസ്സി ഉണ്ടാവില്ല എന്ന സ്ഥിരീകരണം ആണ് ടാറ്റ മാർട്ടിനോ നടത്തിയിരിക്കുന്നത്.

അടുത്തമാസമാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി മെസ്സി ദേശീയ ടീമിനോടൊപ്പം ചേരുന്നതിനാലാണ് അദ്ദേഹത്തിന് മയാമിക്കൊപ്പമുള്ള മൂന്നു മത്സരങ്ങൾ നഷ്ടമാവുക.മയാമിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്. കാരണം തുടർ തോൽവികളിൽ കിതച്ച ടീമിനെ കൈപിടിച്ചുയർത്തിയത് സാക്ഷാൽ മെസ്സിയാണ്.

മെസ്സി ടീമിൽ എത്തിയതിനു പിന്നാലെ ഉജ്ജ്വലക്കുതിപ്പ് നടത്തുകയാണ് മയാമി. ക്ലബ്ബിന് ഒരു കിരീടം നേടിക്കൊടുക്കാനും മെസ്സിക്ക് ആയിട്ടുണ്ട്. ഇത്തരത്തിൽ മെസ്സിയുടെ മികവിൽ മയാമി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് മെസ്സി ദേശീയ ടീമിനോടൊപ്പം ചേരുന്നത് മൂലം മയാമിക്ക് തങ്ങളുടെ സൂപ്പർതാരത്തെ മൂന്നു മത്സരങ്ങളിലേക്ക് നഷ്ടമാവുന്നത്.മേജർ ലീഗ് സോക്കറിൽ അന്താരാഷ്ട്ര ഇടവേളകൾ ഇല്ലാത്തതാണ് ഇതിനുള്ള പ്രധാന കാരണം.

മെസ്സി മൂന്ന് മത്സരങ്ങൾക്ക് മയാമിക്കൊപ്പം ഇല്ലാത്തത് മേജർ ലീഗ് സോക്കറിനെയും മറ്റു ക്ലബ്ബുകളെയും പ്രതിസന്ധിയിലാക്കും. കാരണം മെസ്സിയുടെ മത്സരത്തിൽ ഉയർന്ന തുകയ്ക്കായിരുന്നു എതിർ ടീമുകൾ പോലും ടിക്കറ്റുകൾ വിറ്റഴിച്ചിരുന്നത്. കൂടാതെ മെസ്സിയുടെ കളി കാണാൻ മാത്രമായി നിരവധി ആളുകൾ ഓൺലൈനിലൂടെയും മറ്റുമായി മേജർ ലീഗ് സോക്കർ മത്സരങ്ങൾ വീക്ഷിച്ചിരുന്നു. മെസ്സി 3 മത്സരങ്ങൾക്ക് വേണ്ടി ദേശീയ ടീമിനോടൊപ്പം ചേരുന്നതോടെ മേജർ ലീഗ് സോക്കറിന്റെ ഈ മുന്നേറ്റത്തെയും ബാധിക്കും.