ലയണൽ മെസ്സി കാരണം നിയമം പുതുക്കാൻ ഒരുങ്ങി മേജർ സോക്കർ ലീഗ് |Lionel Messi

മെസ്സിയുടെ വരവ് അമേരിക്കയിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ഇന്റർ മയാമിക്ക് മാത്രമല്ല മേജർ ലീഗ് സോക്കറിനും മെസ്സിയുടെ വരവോടുകൂടി ജനപ്രീതിയിലും സാമ്പത്തിക നേട്ടത്തിലും വലിയ കുതിച്ചുചാട്ടം നടത്താൻ ആയിട്ടുണ്ട്. ഇപ്പോഴിതാ മെസ്സിയുടെ വരവോടുകൂടി മേജർ ലീഗ് സോക്കറിൽ പുതിയ മാറ്റങ്ങൾക്ക് കൂടി വഴിയൊരുങ്ങുകയാണ്.

മെസ്സി അമേരിക്കയിൽ എത്തിയതിനു പിന്നാലെ പല താരങ്ങൾക്കും മേജർ ലീഗ് സോക്കറിൽ കളിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ മേജർ ലീഗ് സോക്കറിലെ ഒരു നിയമമാണ് ഇതിന് തടസ്സമാകുന്നത്. മേജർ ലീഗ് സോക്കർ നിയമപ്രകാരം ഒരു ടീമിന് എംഎൽഎസ് സാലറി ക്യാപ്പിന് പുറമേ മൂന്നു താരങ്ങളെ മാത്രമേ സ്വന്തമാക്കാൻ കഴിയുകയുള്ളൂ. അതായത് വമ്പൻ പ്രതിഫലം മുടക്കി ഒരു ടീമിന് മൂന്ന് വമ്പൻ താരങ്ങളെ മാത്രമേ ടീമിൽ എത്തിക്കാൻ സാധിക്കുകയുള്ളു എന്നർത്ഥം. എന്നാൽ ഈ നിയമം മാറ്റാൻ ഒരുങ്ങുകയാണ് മേജർ ലീഗ് സോക്കർ അധികാരികൾ.

മൂന്നിൽ കൂടുതൽ താരങ്ങളെ സാലറി ക്യാപ്പിന് പുറമേ ടീമുകൾക്ക് സ്വന്തമാക്കാൻ കഴിയുമെന്ന നിയമമാണ് എംഎൽഎസ് അധികാരികൾ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതോടുകൂടി വമ്പൻ താരങ്ങൾക്ക് മേജർ ലീഗ് സോക്കറിലേക്ക് വരാൻ സാധിക്കും.നിലവിൽ മെസ്സിയുടെ വരവോടുകൂടി മയാമി ശക്തമായ ഒരു ടീമായി മാറിയിരിക്കുകയാണ്. സാലറി ക്യാപ്പിലെ ഈ നിയന്ത്രണം എടുത്തുമാറ്റിയാൽ മറ്റു ടീമുകൾക്കും കൂടുതൽ സൂപ്പർതാരങ്ങളെ കൊണ്ടുവന്ന് തങ്ങളുടെ ടീമിനെ ശക്തമാക്കാൻ കഴിയും. ഇത് ടീമുകളുടെയും ലീഗിന്റെയും സാമ്പത്തിക നേട്ടത്തിനും ജനപ്രീതി ഉയരുന്നതിനും കാരണമാകും.

മെസ്സി അമേരിക്കയിൽ ഉണ്ടാക്കിയ സാമ്പത്തിക നേട്ടത്തിലും ജനപ്രീതിയിലും പാഠമുൾക്കൊണ്ടാണ് മേജർ ലീഗ് സോക്കർ അധികാരികൾ ഇത്തരത്തിൽ ഒരു നിയമത്തിന് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് മേജർ ലീഗ് സോക്കർ അധികാരികൾ ഒരു യോഗം നടത്തിയതായും യോഗത്തിൽ പുതിയ നിയമത്തെ പറ്റി ചർച്ചകൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. ഏതായാലും മെസ്സി എഫക്റ്റിൽ മേജർ ലീഗ് സോക്കർ തന്നെ വരും വർഷങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കും.