‘വീ വാണ്ട് മെസ്സി’; എതിർ സ്റ്റേഡിയത്തിലും മെസ്സി എഫക്ട്; വീഡിയോ കാണാം |Lionel Messi

അമേരിക്കയിലാകെ മെസ്സി തരംഗമാണ്. മെസ്സി ചേക്കേറിയത് ഇന്റർമയാമിയിലേക്ക് ആണെങ്കിലും മറ്റു ക്ലബ്ബുകളുടെ ഭാഗത്ത് നിന്നും ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച സ്വീകാര്യത മെസ്സിക്ക് ലഭിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ഇന്നത്തെ മെസ്സിയുടെ മേജർ ലീഗ് സോക്കർ അരങ്ങേറ്റം.

ന്യൂയോർക്ക് റെഡ് ബുൾസിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റെഡ് ബുൾസ് ആരാധകരും മുഴക്കിയത് മെസ്സി ചാന്റുകൾ ആയിരുന്നു. ഇന്നത്തെ മത്സരത്തിന്റെ ആദ്യ ഇലവനിൽ മെസ്സി ഉൾപ്പെട്ടിരുന്നില്ല. മത്സരത്തിന്റെ അറുപതാം മിനിറ്റിലാണ് മെസ്സി കളത്തിൽ ഇറങ്ങിയത്. മെസ്സി ആദ്യ ഇലവനിൽ ഉൾപ്പെടാത്തതോടുകൂടി റെഡ്ബുൾ ആരാധകർ ഒന്നടങ്കം സ്റ്റേഡിയത്തിൽ ‘വി വാണ്ട് മെസ്സി’ ചാന്റുകൾ ഉയർത്തുകയായിരുന്നു.

മെസ്സിയുടെ കളി കാണാൻ ആണ് ഞങ്ങൾ വന്നതെന്നും ഉടനെ മെസ്സിയെ കളത്തിൽ ഇറക്കണമെന്നും ആരാധകർ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ മത്സരത്തിന്റെ 60 മിനിറ്റിൽ മെസ്സി കളത്തിൽ ഇറങ്ങി. 89 ആം മിനിറ്റിൽ ഒരു ഗോളും മെസ്സി നേടി. ഇതോടെ ആരാധകർക്കും സന്തോഷമായി. എതിർ ടീമിന്റെ സ്റ്റേഡിയത്തിൽ അവരുടെ ആരാധകരാണ് ലയണൽ മെസ്സിക്ക് വേണ്ടി ചാന്റുകൾ ഉയർത്തിയത് എന്ന സംഭവം മാത്രം മതി അമേരിക്കയിൽ മെസ്സി എത്രത്തോളം സ്വാധീനം ചെലുത്തി എന്ന് മനസ്സിലാക്കാൻ.

അതേസമയം മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മയാമി വിജയിക്കുകയായിരുന്നു. മത്സരത്തിന്റെ 37ാം മിനിറ്റിൽ ഗോമസും 89 ആം മിനിറ്റിൽ ലയണൽ മെസ്സിയുമാണ് മായാമിക്ക് വേണ്ടി ഗോളുകൾ നേടിയത്. ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലെ ആദ്യ ഗോൾ കൂടിയാണിത്. ഇതുവരെ 9 മത്സരങ്ങളിൽ കളത്തിലിറങ്ങിയ മെസ്സി 11 ഗോളുകളും മൂന്ന് അസിസ്റ്റുമാണ് മയാമിക്ക് വേണ്ടി നേടിയത്. ഒപ്പം ലീഗ് കപ്പും.