ആഹ്ലാദതിമിർപ്പിൽ ആരാധകർ; മെസ്സിയുടെ അരങ്ങേറ്റത്തിന് സാക്ഷിയായി ടൈംസ് സ്ക്വയർ |Lionel Messi

മെസ്സിയുടെ മേജർ ലീഗ് അരങ്ങേറ്റത്തിന് സാക്ഷിയായി ടൈംസ് സ്ക്വയറും. ന്യൂയോർക്കിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ഹബ്ബുകളിൽ ഒന്നായ ടൈം സ്ക്വയറിൽ ആയിരങ്ങളാണ് ലയണൽ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനും അരങ്ങേറ്റ ഗോളിനും സാക്ഷിയായത്. പലരും ഈ മുഹൂർത്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

ഇന്ന് ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ആയിരുന്നു മെസ്സിയുടെ മേജർ ലീഗ് സോക്കറിലെ അരങ്ങേറ്റം മത്സരം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മയാമി റെഡ് ബുൾസിനെ പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉൾപ്പെട്ടിരുന്നില്ല.

തുടർച്ചയായ മത്സരങ്ങൾ കളിച്ചതിനാൽ അദ്ദേഹത്തിന് ഇന്ന് പരിശീലകൻ വിശ്രമം അനുവദിക്കുകയായിരുന്നു. എങ്കിലും മത്സരത്തിന്റെ 37 മിനിറ്റിൽ മയാമി ആദ്യ ഗോൾ നേടി. നോഹ് അല്ലന്റെ പാസിൽ ഗോമസ് ആയിരുന്നു മയാമിയുടെ ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സി കളത്തിൽ ഇറങ്ങിയത്. അറുപതാം മിനിറ്റിൽ കളത്തിലിറങ്ങിയ മെസ്സി 89 മിനിറ്റിൽ ഗോൾ നേടുകയും ചെയ്തു. മെസ്സി നേടിയ ഗോളിനേക്കാൾ മനോഹരമായത് ഗോൾ നേടുന്നതിന് മുമ്പ് അദ്ദേഹം നൽകിയ പാസായിരുന്നു.

എതിർ പ്രതിരോധ താരങ്ങൾ മെസ്സിക്കും ചുറ്റും അണിനിരന്നപ്പോൾ എതിർ താരങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ മെസ്സി പന്ത് ബെഞ്ചമിൻ ക്രമാഷിയിൽ എത്തിച്ചു. പന്ത് കിട്ടിയ ക്രമാഷി പന്ത് മെസ്സിയിലേക്ക് ക്രോസ്സ് ചെയ്യുകയും ചെയ്തു. ആ ക്രോസ് ഗോളാക്കാൻ മെസ്സിക്ക് കാലു വയ്ക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.