മെസ്സി നേടിക്കൊടുത്ത കിരീടം ,ചരിത്രത്തിൽ ആദ്യമായി ലീഗ്‌സ് കപ്പിൽ ചാമ്പ്യന്മാരായി ഇന്റർ മയാമി |Lionel messi

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ നാഷ്‌വില്ലയെ കീഴടക്കി ലീഗ്‌സ് കപ്പിൽ മുത്തമിട്ട് ഇന്റർ മയാമി (9-10).നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് പോയത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് മയാമിക്കായി ഗോൾ നേടിയത്. ലീഗ കപ്പിൽ ഏഴു മത്സരങ്ങളിൽ നിന്നുളള മെസ്സിയുടെ 10 ആം ഗോളായിരുന്നു ഇത്.

ഫൈനലിൽ നാഷ്‌വില്ലിയിൽ നിന്നുമുള്ള മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്.എന്നാൽ കളിയിലേക്ക് തിരിച്ചുവന്ന മയാമി എതിർ ബോക്സ് ലക്ഷ്യമാക്കി മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു. 23 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ തകർപ്പൻ ഗോളിലൂടെ ഇന്റർ മയാമി ലീഡ് നേടി.ബോക്‌സിന്റെ അരികിൽ പന്ത് ലഭിച്ച മെസ്സി എതിർ ഡിഫെൻഡർമാരെ മറികടന്ന് മനോഹരമായ ഷോട്ടിലൂടെ നാഷ്‌വില്ല വലയിലേക്ക് പായിച്ചു.

ഇന്റർ മയാമിക്കായുള്ള മെസ്സിയുടെ പത്താം ഗോളായിരുന്നു ഇത്. ഈ ഗോളോടെ ഇന്റർ മായാമിയുടെ ഈ സീസണിലെ ടോപ് സ്കോററായി ലയണൽ മെസ്സി മാറിയിരിക്കുകയാണ്. ഗോൾ വഴങ്ങിയതിന് ശേഷം നാഷ്‌വില്ലെ കൂടുതൽ മുന്നേറി കളിച്ചെങ്കിലും മയാമി പ്രതിരോധം കൂടുതൽ ജാഗ്രത പുലർത്തിയതോടെ ആദ്യ പകുതി ഒരു ഗോളിന്റെ ലീഡോഡ് കൂടി അവസാനിച്ചു.

നാഷ്‌വില്ലയുടെ ഏറ്റവും മികച്ച താരമായ ജർമൻ മിഡ്ഫീൽഡർ ഹാനി മുഖ്താറിനെ ഫലപ്രദമായി ഇന്റർ മയാമി തടഞ്ഞതോടെ അവരുടെ മുന്നേറ്റങ്ങൾക്ക് മൂർച്ച കുറഞ്ഞു. 51 ആം മിനുട്ടിൽ ബോക്‌സിനുള്ളിൽ നിന്നും ആൽബ കൊടുത്ത ക്രോസിൽ നിന്നുള്ള ക്രെമാഷിക്കിന്റെ ഷോട്ട് നാഷ്‌വില്ല താരം തടഞ്ഞു. 57 ആം മിനുട്ടിൽ ഫാഫ പിക്കോൾട്ട് നേടിയ ഗോളിൽ നാഷ്‌വില്ല സമനില നേടി.70 ആം മിനുട്ടിൽ മയാമി ഗോൾ നേടിയെന്നു തോന്നിച്ചെങ്കിലും ബുസ്‌ക്വെറ്റ്‌സ് നൽകിയ പാസിൽ നിന്നുള്ള മെസ്സിയുടെ ലോംഗ് റേഞ്ച പോസ്റ്റിൽ തട്ടി മടങ്ങി.