ക്രിസ്റ്റ്യാനോ കള്ളം പറഞ്ഞു എന്ന് പറഞ്ഞവരൊക്കെ എവിടെ? താരത്തിന്റെ വാക്കുകൾ സത്യമായിരുന്നുവെന്ന് ശരി വെച്ച് ബ്രസീലിയൻ ക്ലബ്ബ് പ്രസിഡന്റ്.

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളിനെ ഞെട്ടിച്ചുകൊണ്ട് ഒരു ട്രാൻസ്ഫർ നടത്തിയത്. യൂറോപ്പ് ഉപേക്ഷിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യൻ ഫുട്ബോളിലേക്ക് എത്തുകയായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ് റൊണാൾഡോക്ക് വലിയ സാലറി വാഗ്ദാനം ചെയ്തുകൊണ്ട് അദ്ദേഹത്തെ ടീമിലേക്ക് എത്തിച്ചത്.

അൽ നസ്സ്റിനെ ക്രിസ്റ്റ്യാനോ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നുള്ളത് ആരാധകർക്കിടയിൽ വലിയ രൂപത്തിൽ ചർച്ചയായിരുന്നു. അതിന്റെ ഒരു കാരണമായി കൊണ്ട് സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നത് ക്രിസ്റ്റ്യാനോക്ക് മറ്റൊരു ക്ലബ്ബിൽ നിന്നും ഓഫറുകൾ വന്നിരുന്നില്ല എന്നുള്ളതായിരുന്നു. അതുകൊണ്ടാണ് റൊണാൾഡോ അൽ നസ്സ്റിനെ തിരഞ്ഞെടുക്കാൻ നിർബന്ധിതനായത് എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ക്ലബ്ബ് തന്നെ പ്രസന്റ് ചെയ്ത സമയത്ത് റൊണാൾഡോ ഇത് നിഷേധിച്ചു.തനിക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഓഫറുകൾ ഉണ്ടായിരുന്നു എന്നുള്ള കാര്യം റൊണാൾഡോ വ്യക്തമാക്കിയിരുന്നു. യൂറോപ്പിൽ നിന്നും ബ്രസീലിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നുമൊക്കെ ഓഫറുകൾ ഉണ്ടായിരുന്നു എന്നായിരുന്നു റൊണാൾഡോ തുറന്നു പറഞ്ഞിരുന്നത്.എന്നാൽ താരം പറഞ്ഞത് കള്ളമാണ് എന്ന് പലരും ആരോപിച്ചിരുന്നു.

പക്ഷേ ബ്രസീലിൽ നിന്നും റൊണാൾഡോക്ക് ഓഫറുകൾ ഉണ്ടായിരുന്നു എന്നുള്ളത് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസായിരുന്നു റൊണാൾഡോക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നത്.എന്നാൽ താരം അത് നിരസിക്കുകയായിരുന്നു. കൊറിന്ത്യൻസ് ക്ലബ്ബ് പ്രസിഡണ്ടായ ഡ്യൂലിയോ മോന്റയ്റോ ആൽവസാണ് ഇത് തുറന്നു പറഞ്ഞിട്ടുള്ളത്.

‘ ഞങ്ങൾ റൊണാൾഡോക്ക് ഒരു ഓഫർ നൽകിയിരുന്നു. യുണൈറ്റഡിൽ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സാലറിക്ക് ഏകദേശം തുല്യമായിരുന്നു അത്. അദ്ദേഹത്തിന്റെ ഏജന്റായ മെന്റസുമായി ആറോ ഏഴോ തവണ ഞങ്ങൾ സംസാരിച്ചിരുന്നു. പിന്നീട് മറ്റൊരു വ്യക്തിയിലൂടെയായിരുന്നു ഞങ്ങൾ ഓഫർ നൽകിയിരുന്നത്.ഞങ്ങൾ ഒന്ന് ശ്രമിച്ചു നോക്കിയതായിരുന്നു.റൊണാൾഡോക്ക് യൂറോപ്പിലെ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു എന്നുള്ളത് ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ സൗദി അറേബ്യൻ ക്ലബ്ബിന്റെ ഓഫർ 20 ഇരട്ടി വലുതായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഓഫർ അദ്ദേഹം നിരസിച്ചു ‘ കൊറിന്ത്യൻസ് പ്രസിഡന്റ് പറഞ്ഞു. ഇതോടെ റൊണാൾഡോക്ക് മറ്റുള്ള ക്ലബ്ബുകളിൽ നിന്നൊന്നും ഓഫറുകൾ ഉണ്ടായിരുന്നില്ല എന്ന് വാദഗതിക്ക് വിരാമമാവുകയാണ്.