പറഞ്ഞ വാക്ക് പാലിച്ചു,എമി മാർട്ടിനസിന്റെ സേവ് ടാറ്റൂ ചെയ്ത് അർജന്റൈൻ സൂപ്പർ താരം

അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ ഏറ്റവും പ്രധാനപ്പെട്ട കാരണമായി തീർന്ന താരങ്ങളിൽ ഒന്നാണ് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്. വേൾഡ് കപ്പിലെ 2 പെനാൽറ്റി ഷൂട്ടൗട്ടുകളിലും എമി അർജന്റീനയുടെ രക്ഷകനാവുകയായിരുന്നു. മാത്രമല്ല ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരത്തിൽ അവസാന നിമിഷത്തിൽ എമി നടത്തിയ സേവ് കിരീടത്തിന്റെ വിലയുള്ളതായിരുന്നു. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടി കൊണ്ടാണ് എമി ഖത്തർ വിട്ടിരുന്നത്.

വേൾഡ് കപ്പിലെ നിർണായക മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ടാറ്റൂ ചെയ്യുമെന്നുള്ള കാര്യം നേരത്തെ തന്നെ അർജന്റീന സൂപ്പർതാരമായ പപ്പു ഗോമസ് പറഞ്ഞിരുന്നു.ആ വാക്ക് ഇപ്പോൾ അദ്ദേഹം പാലിച്ചിട്ടുണ്ട്.മൂന്ന് ടാറ്റൂകളാണ് പപ്പു ഗോമസ് തന്റെ ശരീരത്തിൽ ചെയ്തിട്ടുള്ളത്. അതിലൊന്ന് എമിലിയാനോ മാർട്ടിനസിന്റെ ആ സേവ് ആണ്. അത്രയധികം പ്രാധാന്യമാണ് ആ സേവിന് പപ്പു ഗോമസ് ഇപ്പോൾ നൽകിയിട്ടുള്ളത്.

താരത്തിന്റെ ഒന്നാമത്തെ ടാറ്റൂ അർജന്റീന ദേശീയ ടീമിലെ തന്റെ ജേഴ്സിയാണ്.17ആം നമ്പർ ജേഴ്സിയാണ് പപ്പു ഗോമസ് ടാറ്റൂ ചെയ്തിരിക്കുന്നത്. മറ്റൊന്ന് വേൾഡ് കപ്പ് കിരീടമാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. 3 വേൾഡ് കപ്പ് കിരീടങ്ങൾ നേടി എന്നതിനെ സൂചിപ്പിക്കുന്ന മൂന്ന് സ്റ്റാറുകളും ഉണ്ട്. കൂടാതെ അർജന്റീന വേൾഡ് കപ്പ് ജേതാക്കളായ തീയതി അതിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു ടാറ്റൂവാണ് കോലോ മുവാനിയുടെ ഷോട്ട് എമി മാർട്ടിനസ് തടയുന്നത്. മത്സരത്തിന്റെ 122 മിനുട്ടിൽ, 43ആം സെക്കൻഡിലാണ് എമിയുടെ ആ സേവ് വരുന്നത്.ആ സേവ് ഇല്ലായിരുന്നുവെങ്കിൽ അർജന്റീനക്ക് ഈ വേൾഡ് കപ്പ് കിരീടം ലഭിക്കുമായിരുന്നില്ല. അത് തന്റെ ശരീരത്തിൽ പപ്പു ഗോമസ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞമാസം പതിനെട്ടാം തീയതിയായിരുന്നു ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നത്.അർജന്റീനയിൽ വലിയ സ്വീകരണമായിരുന്നു ആരാധകരിൽ നിന്നും ദേശീയ ടീമിൽ ലഭിച്ചിരുന്നത്. കിരീട നേട്ടം ആഘോഷിക്കാൻ വേണ്ടി ഇനിയും അർജന്റീനയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ നടക്കും. വരുന്ന മാർച്ച് മാസത്തിൽ നടക്കുന്ന അർജന്റീനയുടെ രണ്ട് സൗഹൃദ മത്സരങ്ങൾ ബ്യൂണസ് ഐറിസിൽ വെച്ചാണ് അരങ്ങേറുക.