സിദാനെ അപമാനിച്ച് FFF പ്രസിഡന്റ്,പരസ്യമായി പ്രതികരിച്ച് കിലിയൻ എംബപ്പേ

ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സിന്റെ കരാർ കഴിഞ്ഞ ദിവസമായിരുന്നു പുതുക്കിയിരുന്നത്.ഫ്രാൻസിനെ വേൾഡ് കപ്പ് ഫൈനൽ വരെ എത്തിച്ച ദെഷാപ്സ്‌ 2026 വരെ ഫ്രഞ്ച് പരിശീലകസ്ഥാനത്ത് ഉണ്ടാകുമെന്ന് ഉറപ്പാവുകയായിരുന്നു. യഥാർത്ഥത്തിൽ ഫ്രാൻസിന്റെ പരിശീലകനാവാൻ കാത്തിരുന്ന സിദാന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു തീരുമാനം കൂടിയായിരുന്നു ഇത്.

ഇതിനുശേഷം ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ നോയൽ ഗ്രേറ്റ് സിദാനെ അപമാനിച്ചുകൊണ്ട് സംസാരിച്ചിരുന്നു. അതായത് സിനദിൻ സിദാൻ ബ്രസീലിന്റെ പരിശീലകൻ ആവുമോ എന്ന റൂമറുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സിദാൻ തന്നെ വിളിച്ചാൽ പോലും താൻ ഫോൺ എടുക്കുമായിരുന്നില്ല എന്നായിരുന്നു ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് പറഞ്ഞിരുന്നത്.

‘ സിദാൻ ബ്രസീലിന്റെ പരിശീലകൻ ആയാലും എനിക്കൊന്നുമില്ല.അദ്ദേഹത്തിന് വേണ്ടത് അദ്ദേഹത്തിന് ചെയ്യാം.അതെന്റെ പണിയല്ല.ഞാനത് കാര്യമാക്കുന്നുമില്ല.ഞാൻ ഇതുവരെ അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടില്ല.അദ്ദേഹത്തെ ഞങ്ങൾ പരിഗണിച്ചിട്ടുമില്ല. എന്തിനേറെ അദ്ദേഹം വിളിച്ചാൽ പോലും ഫോൺ എടുക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല ‘ ഇതായിരുന്നു ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞിരുന്നത്.

ഇതിനെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ വന്നിട്ടുണ്ട്. തന്റെ ട്വിറ്ററിലൂടെയായിരുന്നു എംബപ്പേ പ്രതികരിച്ചത്. ‘ സിദാൻ എന്നാൽ ഫ്രാൻസാണ്.നമ്മൾ ഒരിക്കലും നമ്മുടെ ഇതിഹാസത്തെ ഇങ്ങനെ അപമാനിക്കാൻ പാടില്ല ‘ ഇതായിരുന്നു എംബപ്പേ കുറിച്ചിരുന്നത്.

എംബപ്പേയെ പോലെയുള്ളവർ പരസ്യമായി രംഗത്ത് വന്നതോടുകൂടി നോയൽ ഗ്രറ്റ് ഇപ്പോൾ പ്രതിരോധത്തിൽ ആയിട്ടുണ്ട്. ഈ വിഷയത്തിൽ ഇദ്ദേഹം മാപ്പ് പറയണം എന്നാണ് എല്ലാവരുടെയും ആവശ്യം. ഫ്രഞ്ച് മന്ത്രിമാർ തന്നെ ഈ വിഷയത്തിൽ ഇപ്പോൾ ഇടപെട്ട് കഴിഞ്ഞു എന്നാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.