അൽവാരസിനെതിരെ കെപ്പയുടെ മൈൻഡ് ഗെയിം, ചിരിച്ചു വലകുലുക്കി അർജന്റീന താരം

ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഇന്നലെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ മികച്ച വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. എതിരില്ലാത്ത നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയ മത്സരത്തിൽ റിയാദ് മഹ്‌റീസ് ഇരട്ടഗോളുകൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ്, ഫിൽ ഫോഡൻ എന്നിവർ ടീമിന്റെ മറ്റു ഗോളുകൾ കുറിച്ചു. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ചെൽസിയെ മാഞ്ചസ്റ്റർ സിറ്റി കീഴടക്കുന്നത്.

ഇന്നലത്തെ മത്സരത്തിനിടെയുണ്ടായ രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. കളിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. ഇതെടുക്കാൻ വന്ന അർജന്റീന താരം ഹൂലിയൻ അൽവാരസിന്റെ ശ്രദ്ധ തിരിക്കാൻ ചെൽസി ഗോൾകീപ്പർ കെപ്പ ശ്രമിക്കുകയുണ്ടായി. എന്നാൽ കെപ്പയുടെ മൈൻഡ് ഗെയിമിനെ യാതൊരു തരത്തിലും കൂസാതെ അൽവാരസ് വല കുലുക്കുകയായിരുന്നു.

കെയ് ഹാവേർട്ട്സിന്റെ ഹാൻഡ് ബോളിനാണ് മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചത്. ഇതെടുക്കാൻ ഹൂലിയൻ അൽവാരസ് വന്ന സമയത്ത് താരത്തോട് കേപ്പ എന്തൊക്കെയോ സംസാരിക്കുന്നത് കാണാമായിരുന്നു. ഒടുവിൽ റഫർ കെപ്പയെ താക്കീത് ചെയ്‌തു. അതേസമയം കെപ്പയുടെ ചെയ്‌തികളെ ചിരിയോടെയാണ് അൽവാരസ് സ്വീകരിച്ചത്. കിക്കെടുത്ത താരം ഒരു പെർഫെക്റ്റ് പെനാൽറ്റിയിലൂടെ അത് വലയിലെത്തിക്കുകയും ചെയ്‌തു.

കെപ്പ എമിലിയാനോ മാർട്ടിനസാവാൻ ശ്രമിച്ചു പരാജയപ്പെട്ടുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് പെനാൽറ്റി ഷൂട്ടൗട്ട് സമയത്ത് എതിരാളികളുടെ ആത്മവിശ്വാസം തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയം കാണാറുണ്ട്. കഴിഞ്ഞ ലോകകപ്പിലും കോപ്പ അമേരിക്കയിലുമെല്ലാം അത് വിജയം കണ്ടിരുന്നു. എന്നാൽ ആ മാർട്ടിനസിനൊപ്പം പെനാൽറ്റി പരിശീലനം നടത്തിയിട്ടുള്ള അൽവാരസിനെതിരെ വേണ്ടായിരുന്നു ഈ മൈൻഡ് ഗെയിം എന്നും ആരാധകർ പറയുന്നു.

മത്സരത്തിൽ വിജയം നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. തോൽവിയോടെ ചെൽസിയുടെ നില കൂടുതൽ പരുങ്ങലിലായിട്ടുണ്ട്.കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിക്കാൻ കഴിഞ്ഞ ചെൽസി എഫ്എ കപ്പിൽ നിന്നും പുറത്തായതിനു പുറമെ പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ്. ഇത് ഗ്രഹാം പോട്ടർക്കെതിരെ വിമർശനങ്ങളുയരാൻ കാരണമായിരിക്കുന്നു.