ക്രിസ്റ്റ്യാനോ അൽ നസ്സ്റിൽ എത്തി,വരുന്നു ക്രിസ്റ്റ്യാനോ Vs മെസ്സി പോരാട്ടം!

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദി അറേബ്യൻ ക്ലബായ അൽ നസ്സ്റിന് വേണ്ടി കളിക്കും എന്ന വാർത്ത കേട്ടുകൊണ്ടാണ് ഫുട്ബോൾ ലോകം ഇന്ന് ഉണർന്നത്. ഇന്നലെയായിരുന്നു റൊണാൾഡോ അൽ നസ്സ്റുമായി ഒപ്പ് വെച്ചത്. രണ്ടര വർഷത്തോളമാണ് അദ്ദേഹം സൗദിയിൽ കളിക്കുക. വാർഷിക സാലറിയായി കൊണ്ട് 200 മില്യൺ യൂറോയാണ് റൊണാൾഡോക്ക് ക്ലബ്ബ് നൽകുക.

തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന റൊണാൾഡോ യൂറോപ്പ് വിടുകയായിരുന്നു. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗിൽ ഇനി റൊണാൾഡോയെ കാണാൻ കഴിയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള പ്രശ്നത്തെ തുടർന്ന് അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദ് ചെയ്യപ്പെടുകയായിരുന്നു. മാത്രമല്ല ഈ വിവാദങ്ങൾ കാരണം യൂറോപ്പിൽ നിന്ന് ക്ലബ്ബുകൾ ഒന്നും തന്നെ റൊണാൾഡോക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ടായിരുന്നില്ല.

അൽ നസ്സ്റിൽ എത്തിയതോടുകൂടി ഇവിടെ മറ്റൊരു മത്സരത്തിന് വഴി തുറന്നിട്ടുണ്ട്. അതായത് ഈ ജനുവരി പതിനാറാം തീയതി ഒരു മത്സരം കളിച്ചാൽ പിന്നീട് ജനുവരി മുപ്പതാം തീയതിയാണ് പിഎസ്ജി തൊട്ടടുത്ത മത്സരം കളിക്കേണ്ടി വരുന്നത്. ഈ രണ്ടാഴ്ചയ്ക്കിടയിൽ 2 സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇപ്പോൾ പിഎസ്ജി ആലോചിക്കുന്നുണ്ട്.

ഒരു സൗദി അറേബ്യൻ പര്യടനം നടത്താനാണ് പിഎസ്ജി ഇപ്പോൾ പരിഗണിക്കുന്നത്. അവിടുത്തെ പ്രധാനപ്പെട്ട ക്ലബ്ബുകൾ ആയ അൽ ഹിലാൽ, അൽ നസ്സ്ർ എന്നീ ക്ലബ്ബുകളോട് സൗഹൃദ മത്സരം കളിക്കാനാണ് ഇപ്പോൾ പിഎസ്ജി താല്പര്യപ്പെടുന്നത്.ഹാർഡീൻ ഗ്രിനിയറാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അങ്ങനെ സംഭവിക്കുകയാണെങ്കിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽക്കൂടി നേർക്കുനേർ വരുന്നത് കാണാനുള്ള ഭാഗ്യം ലോക ഫുട്ബോളിന് ലഭിച്ചേക്കും. ഒരുപക്ഷേ അവസാനമായി ഇരുവരും ഏറ്റുമുട്ടുന്നു എന്ന് വേണമെങ്കിൽ പറയേണ്ടിവരും.കാരണം ഇനി മെസ്സിയും റൊണാൾഡോയും ഏറ്റുമുട്ടാനുള്ള സാധ്യതകൾ വളരെ കുറവാണ്.പിഎസ്ജിയും അൽ നസ്സ്റും ഫ്രണ്ട്‌ലി മത്സരം കളിക്കുകയാണെങ്കിൽ അത് മെസ്സി ആരാധകർക്കും റൊണാൾഡോ ആരാധകർക്കും സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമായിരിക്കും.