ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങൾ അമേരിക്കയിൽ ഒരുമിക്കുന്നു, മെസ്സിക്കൊപ്പം ഇനിയേസ്റ്റയും
ഏഴുതവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ അർജന്റീന നായകൻ ലിയോ മെസ്സിയുടെ ഇന്റർമിയാമിയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെ നിരവധി മുൻ ബാഴ്സലോണ താരങ്ങളാണ് വീണ്ടും ലിയോ മെസ്സിക്കൊപ്പം കളിക്കാൻ ഇന്റർമിയാമിയെ തേടിയെത്തുന്നത്.
ഇതിനകം തന്നെ ലിയോ മെസ്സിയുടെയും സെർജിയോ ബുസ്ക്കറ്റ്സിന്റെയും സൈനിങ് ഒഫീഷ്യലായി ഇന്റർമിയാമി പൂർത്തിയാക്കി. സ്പാനിഷ് താരമായ സെർജിയോ ബുസ്ക്കറ്റ്സിന് പിന്നാലെ മറ്റൊരു സ്പാനിഷ് താരമായ ജോർഡി ആൽബയും ഇന്റർമിയാമിൽ ചേരാൻ ഒരുങ്ങുകയാണ്. ലിയോ മെസ്സിയുടെ മുൻ ബാഴ്സലോണ സഹതാരങ്ങളായ ഇവർക്ക് പിന്നാലെ മറ്റൊരു മുൻ ബാഴ്സലോണ താരമായ സ്പാനിഷ് ഇതിഹാസം ഇനിയസ്റ്റ കൂടി ഇന്റർമിയാമിയിൽ എത്തും എന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2002-ൽ എഫ് സി ബാഴ്സലോണയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ആന്ദ്ര ഇനിയസ്റ്റ 16 വർഷത്തിനുശേഷം 2018 ലാണ് ബാഴ്സലോണ ജേഴ്സിയിൽ നിന്നും വിരമിക്കുന്നത്. തുടർന്ന് ജാപ്പനീസ് ക്ലബ്ബായ വിസൽ കോബോയിൽ ചേർന്ന താരം 2023 വരെയുള്ള കരാർ അവസാനിച്ചുകൊണ്ട് നിലവിൽ ഫ്രീ ഏജന്റായി തുടരുകയാണ്. ഈയൊരു സാഹചര്യത്തിലാണ് വീണ്ടും ലിയോ മെസ്സിക്കൊപ്പവും തന്റെ മുൻ സുഹൃത്തുക്കൾക്കൊപ്പവും മേജർ സോക്കർ ലീഗിൽ പന്ത് തട്ടാൻ ഇനിയസ്റ്റ എത്തുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.
🚨🚨💣| BREAKING: Andres Iniesta is set to join Inter Miami! They have reached an agreement in principle to reunite him with Messi, Busquets, Alba & possibly Suarez, reports @Offsider_ES — pending further confirmation. 🇺🇲☎️🔥 pic.twitter.com/Feg26wtGE6
— Managing Barça (@ManagingBarca) July 20, 2023
ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം ഇന്റർമിയാമിൽ ചേരുന്നതിന് ഇനിയസ്റ്റ തയ്യാറാണ്. ഇനിയസ്റ്റയെ കൂടാതെ മറ്റൊരു ബാഴ്സലോണ മുൻ താരമായ ഉറുഗ്വേ സൂപ്പർ താരം ലൂയിസ് സുവാരസ് കൂടി ഇന്റർ മിയാമിയിൽ എത്തുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ ശക്തമായി തന്നെയാണ് പുറത്തുവരുന്നത്. ലിയോ മെസ്സിയുടെ സൈനിങ്ങിന് പിന്നാലെ സൂപ്പർ താരങ്ങൾ എത്തിത്തുടങ്ങിയതോടെ ഇന്റർമിയാമി ഒരു മിനി ബാഴ്സലോണയായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.