ഖത്തർ ലോകകപ്പിൽ അർജൻറീനക്കായി മികച്ച പ്രകടനം നടത്തിയ കളിക്കാരിൽ ഒരാളാണ് മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ. അർജന്റീന കഴിഞ്ഞ ഒന്നര വർഷത്തിൽ നേടിയ മൂന്നു കിരീടങ്ങളിലും പ്രധാനപ്പെട്ട പങ്കു വഹിച്ച താരം ലയണൽ സ്കലോണിയുടെ പദ്ധതികളിൽ പ്രധാനിയാണ്. നിലവിൽ സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡിലാണ് ഡി പോൾ കളിക്കുന്നത്.
ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയെങ്കിലും റോഡ്രിഗോ ഡി പോളിനെ വിൽക്കാനുള്ള പദ്ധതിയിലാണ് അത്ലറ്റികോ മാഡ്രിഡ്. താരത്തിനു പകരം ലോകകപ്പിൽ തന്നെ അർജൻറീനക്കായി മികച്ച പ്രകടനം നടത്തിയ മറ്റൊരു മധ്യനിര താരമായ മാക് അലിസ്റ്ററെ ടീമിലെത്തിക്കാനും അവർ പദ്ധതിയിടുന്നുവെന്ന് സ്പാനിഷ് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണിലാണ് അലിസ്റ്റർ കളിക്കുന്നത്.
ഇരുപത്തിയെട്ടു വയസായ ഡി പോളിന് ലോകകപ്പിനു ശേഷം മൂല്യം ഉയർന്നിട്ടുണ്ടാകും എന്നു തീർച്ചയാണ്. ഇതാണു താരത്തെ വിൽക്കാൻ അത്ലറ്റികോ മാഡ്രിഡിനെ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകം. അൻപതു മില്യൺ യൂറോയെങ്കിലും താരത്തെ വിൽക്കുന്നതു വഴി നേടാൻ കഴിയുമെന്നും ഇതുവെച്ച് അലിസ്റ്ററെ സ്വന്തമാക്കാൻ കഴിയുമെന്നും അവർ പ്രതീക്ഷിക്കുന്നു.
Despite having had an impressive World Cup campaign, Rodrigo De Paul could be set to leave Atletico Madrid.
— Football España (@footballespana_) December 27, 2022
Clubs from Italy and England are rumoured to be interested. pic.twitter.com/hfbCmZaB7g
യുഡിനസിന്റെ നായകനായിരുന്ന ഡി പോൾ അത്ലറ്റികോ മാഡ്രിഡിൽ എത്തിയതിനു ശേഷം അത്ര മികച്ച ഫോമിലല്ല. അതേ സമയം അർജന്റീന ടീമിനായി ഓരോ തവണയും മികച്ച പ്രകടനം താരം നടത്തുന്നുണ്ട്. ഇറ്റലിയിൽ കളിച്ചു പരിചയമുള്ള ഡി പോളിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബുകളിൽ ചിലർക്കു താൽപര്യമുണ്ടെന്ന സൂചനകളുണ്ട്.