ടീമിന്റെ പരിശീലകനാവാനും ഓഫർ, ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബാൾ വിടാനൊരുങ്ങുന്നു

ഖത്തർ ലോകകപ്പ് നടക്കുന്ന സമയത്തു തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിമർശനം നടത്തിയതിനു പിന്നാലെ കരാർ റദ്ദാക്കപ്പെട്ട താരം ഫ്രീ ഏജന്റായതിനെ തുടർന്നാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്. പ്രതിവർഷം ഇരുനൂറു മില്യൺ യൂറോയെന്ന കൂറ്റൻ പ്രതിഫലമാണ് താരത്തിന് ഓഫർ ചെയ്യപ്പെട്ടതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരം തന്നെ ഇതിനെ നിഷേധിച്ച് രംഗത്തു വരികയാണുണ്ടായത്.

എന്നാൽ ആ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സിബിഎസ് സ്പോർട്ട് വെളിപ്പെടുത്തുന്നതു പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിലാണ്. ജനുവരിയുടെ തുടക്കത്തിൽ തന്നെ താരം കരാർ ഒപ്പുവെക്കാൻ സമ്മതം മൂളുമെന്ന പ്രതീക്ഷയിലാണ് സൗദി ക്ലബ്. അതുകൊണ്ടു തന്നെ താരത്തിനു വേണ്ടി മെഡിക്കലും ഫ്ളൈറ്റുമെല്ലാം അവർ ബുക്ക് ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. കളിക്കാരനെന്ന നിലയിലെ കരാർ കഴിഞ്ഞാൽ ടീമിന്റെ പരിശീലകനാവാനും റൊണാൾഡോക്ക് കഴിയും.

അൽ നാസറിന്റെ പ്രസിഡന്റ് റൊണാൾഡോ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ നിഷേധിച്ചെങ്കിലും ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ ചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനകളാണ് നൽകിയത്. എന്നാൽ ക്ലബ്ബിലേക്ക് കളിക്കാരനായി താരത്തെ കൊണ്ടു വരികയെന്നതു മാത്രമല്ല ഈ ചർച്ചകളിലുള്ളത്. ഇതിനു പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാൾഡോയെ നിയമിക്കാനും അവർ ഒരുങ്ങുന്നു. ഈജിപ്‌ത്‌, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേർന്ന് 2030 ലോകകപ്പ് നടത്താൻ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാൻ ശ്രമിക്കുന്നത്.

സൗദി ക്ലബുമായി മാത്രം കരാറൊപ്പിട്ടാൽ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായി റൊണാൾഡോ മാറും. റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷത്തിൽ എൺപതു മില്യൺ യൂറോയോളമാണ് താരത്തിനായി അൽ നാസർ പ്രതിഫലമായി മാത്രം നൽകുക. ഇതിനു പുറമെ ഇമേജ് റൈറ്റ് പോലെയുള്ള മറ്റ് കരാറുകൾ ഉൾപ്പെടുത്തി 200 മില്യൺ യൂറോയോളമാണ് ഒരു വർഷത്തിൽ റൊണാൾഡോക്ക് പ്രതിഫലമായി ലഭിക്കുക. മുപ്പത്തിയെട്ടാം വയസിലാണ് ഇത്രയും വലിയ ഓഫർ റൊണാൾഡോക്ക് വന്നിരിക്കുന്നത്.

ലോകകപ്പിനു ശേഷം റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിലാണ് റൊണാൾഡോ പരിശീലനം നടത്തിയിരുന്നത്. യൂറോപ്പിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ളബുകളിലേക്ക് ചേക്കേറാനാണ് താരത്തിന് ആഗ്രഹമെങ്കിലും നിലവിൽ വമ്പൻ ക്ലബുകളൊന്നും താരത്തിന് പിന്നിലില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ് സ്വന്തമാക്കുമോ എന്നറിയാൻ ജനുവരി വരെ താരം കാത്തിരിക്കുമോ, അതോ പെട്ടന്നു തന്നെ സൗദി ക്ലബിന്റെ ഓഫർ സ്വീകരിക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.