“എന്തിനാണവർ ബെൻസിമയോട് പെട്ടെന്നു ടീം വിടാൻ പറഞ്ഞത്”- ദെഷാംപ്‌സിനെതിരെ താരത്തിന്റെ ഏജന്റ്

ഖത്തർ ലോകകപ്പിന്റെ ഫൈനൽ റൗണ്ടുകളിലേക്ക് ഫ്രാൻസ് മുന്നേറിയപ്പോൾ ബെൻസിമ ടീമിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യങ്ങൾ വളരെയധികം ഉയർന്നിരുന്നു. മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ എത്തിയപ്പോൾ താരം ഫൈനൽ പോരാട്ടത്തിൽ ടീമിനൊപ്പം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ശക്തമായി ഉണ്ടായിരുന്നു. എന്നാൽ ബെൻസിമയും പരിശീലകൻ ദെഷാംപ്‌സും ഇതിനെ നിഷേധിച്ചു. ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും വിരമിക്കുകയാണെന്ന് ബെൻസിമ അറിയിക്കുകയും ചെയ്യുകയുണ്ടായി.

ബെൻസിമ ലോകകപ്പ് ടീമിൽ നിന്നും പുറത്തു പോയത് പരിശീലകൻ ദെഷാംപ്‌സുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണെന്ന് അപ്പോൾ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പരിക്കേറ്റു പുറത്തു പോയ താരം സ്‌ക്വാഡിലുണ്ടെന്നിരിക്കെ പിന്നീട് ടീമിലേക്ക് വിളിക്കാമായിരുന്നിട്ടും ദെഷാംപ്‌സ് അതിനു തയ്യാറാവാതിരുന്നത് ഇതിനു കരുത്തു പകരുകയും ചെയ്‌തു. ഇപ്പോൾ ബെൻസിമയുടെ ഏജന്റും ഇത് സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം നടത്തിയത്. ക്വാർട്ടർ ഫൈനൽ മുതൽ ബെൻസിമക്ക് കളിക്കാൻ കഴിയുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

“ഞാനിത് ഇവിടെ പറയുന്നു. ബെൻസിമയുടെ പരിക്കുമായി ബന്ധപ്പെട്ട് കണ്ടിരുന്ന മൂന്നു സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാരും ക്വാർട്ടർ ഫൈനൽ മുതൽ താരത്തിന് കളിക്കാൻ കഴിയുമെന്നാണ് പറഞ്ഞിരുന്നത്. ബെഞ്ചിലെങ്കിലും ഇരിക്കാമായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും വേഗത്തിൽ താരത്തോട് ടീം വിടാൻ അവർ ആവശ്യപ്പെട്ടത്.” താരത്തിന്റെ പരിക്ക് ഒരു മെഡിക്കൽ വിദഗ്ദൻ വിശകലനം ചെയ്‌തതുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്‌തതിനു ശേഷം ട്വിറ്ററിൽ ഏജന്റായ കരിം ജാസിറി പോസ്റ്റ് ചെയ്‌തു.

ബാക്കിയെല്ലാ ടീമുകളും പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരെ ഉൾപ്പെടുത്തിയെങ്കിലും ബെൻസിമക്ക് പകരം ആരെയും ഉൾപ്പെടുത്താൻ ദെഷാംപ്‌സ് തയ്യാറായില്ല. അതുകൊണ്ടു തന്നെ ടൂർണ്ണമെന്റിനിടയിൽ താരത്തെ തിരിച്ചു വിളിക്കാനും അവസരം ഉണ്ടായിരുന്നു. ടൂർണമെന്റിന്റെ ഇടയിൽ റയൽ മാഡ്രിഡിൽ പരിശീലനം ആരംഭിക്കുകയും ഒരു സൗഹൃദമത്സരത്തിൽ ഇറങ്ങുകയും ചെയ്‌ത താരമാണ് ബെൻസിമ. ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവായിരുന്നിട്ടു കൂടി ബെൻസിമയെ ഇത്തരത്തിൽ തഴഞ്ഞത് ദെഷാംപ്‌സുമായി പ്രശ്നങ്ങൾ ഉണ്ടെന്നു തന്നെയാണ് വ്യക്തമാക്കുന്നത്.