ഫൈനലിൽ നിരാശരായ അർജന്റീന താരങ്ങളെ ഉണർത്തിയത് മെസിയുടെ വാക്കുകൾ,റോഡ്രിഗോ ഡി പോൾ പറയുന്നു

അർജന്റീന ആരാധകരുടെ ശ്വാസം നിലച്ചു പോയ നിമിഷങ്ങൾ നൽകിയ ഫൈനലായിരുന്നു ഖത്തർ ലോകകപ്പിലേത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനലുകളിലൊന്ന് എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന പോരാട്ടത്തിൽ അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും പിന്നീട് രണ്ടു ഗോളുകൾ തിരിച്ചടിച്ച് ഫ്രാൻസ് ഒപ്പമെത്തി.

അതിനു ശേഷം എക്സ്ട്രാ ടൈമിൽ വീണ്ടും അർജന്റീന മുന്നിലെത്തിയെങ്കിലും എംബാപ്പെ ഹാട്രിക്ക് തികച്ച് ഫ്രാൻസിനെ ഒപ്പമെത്തിച്ചതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയിയെ കണ്ടെത്തിയത്. ഫ്രാൻസിനെ കീഴടക്കിയതോടെ മുപ്പത്തിയാറു വർഷത്തിനു ശേഷം ആദ്യമായാണ് അർജന്റീന ലോകകപ്പ് നേടുന്നത്.

ആരാധകരെപ്പോലെ തന്നെ അർജന്റീന താരങ്ങൾ വരെ മത്സരം കൈവിട്ടുവെന്നു കരുതിയിരുന്ന ഒരു സമയം ഉണ്ടായിരുന്നുവെന്നും എന്നാൽ ലയണൽ മെസിയാണ് അതിൽ നിന്നും അവരെ തിരിച്ചു കൊണ്ടുവന്നതെന്നുമാണ് റോഡ്രിഗോ ഡി പോൾ പറയുന്നത്. തൊണ്ണൂറു മിനുട്ട് കഴിയുമ്പോൾ ഫ്രാൻസിന് മത്സരത്തിൽ കൃത്യമായ മേധാവിത്വം ഉണ്ടായിരുന്നു. എക്‌സ്ട്രാ ടൈമിനു വേണ്ടി പിരിയുന്ന സമയത്ത് അർജന്റീന താരങ്ങൾക്കെല്ലാം വളരെയധികം തളർച്ചയും ആശങ്കയും ഉണ്ടായിരുന്നുവെന്നും എന്നാൽ ടീമിന്റെ നായകനായ ലയണൽ മെസിയുടെ വാക്കുകൾ അതിൽ നിന്നും പുറത്തുവരാൻ സഹായിച്ചുവെന്നും ഡി പോൾ പറഞ്ഞു.

“ലയണൽ മെസി എക്‌സ്ട്രാ ടൈമിനു മുൻപ് ഞങ്ങൾക്ക് മുന്നിൽ സംസാരിക്കുകയുണ്ടായി. ‘ഫുട്ബോൾ ഇതുപോലെയാണെന്ന് നിങ്ങൾക്കറിയില്ലേ. ഫ്രാൻസ് നമുക്കെതിരെ ഗോൾ നേടില്ലെന്നാണോ എല്ലാവരും കരുതിയിരുന്നത്? വളരെയധികം ബുദ്ധിമുട്ടേറിയ നിമിഷത്തിലും കൃത്യമായി ചുവടുറപ്പിച്ച് തളരാതെ പൊരുതി തിരിച്ചു വരുന്നവരാണ് ചാമ്പ്യൻ ടീമുകൾ. കമോൺ.’ മെസിയുടെ ഈ വാക്കുകളാണ് ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകിയത്.” കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ അത്ലറ്റികോ മാഡ്രിഡ് താരമായ ഡി പോൾ പറഞ്ഞു.

ലയണൽ മെസിയുടെ വാക്കുകൾ ടീമിലെ താരങ്ങൾക്ക് ഊർജ്ജം നൽകിയെന്ന് എക്‌സ്ട്രാ ടൈമിൽ വ്യക്തമായിരുന്നു. എക്‌സ്ട്രാ ടൈമിൽ മുഴുവൻ അർജന്റീന തന്നെയാണ് ആധിപത്യം സ്ഥാപിച്ചത്. ലഭിച്ച അവസരങ്ങൾ ലൗടാരോ മാർട്ടിനസ് കൃത്യമായി മുതലെടുത്തിരുന്നെങ്കിൽ അർജന്റീന നേരത്തെ തന്നെ വിജയം സ്വന്തമാക്കിയേനെ. ലയണൽ മെസി എക്‌സ്ട്രാ ടൈമിൽ ഗോൾ നേടിയെങ്കിലും അതിനു ശേഷം ദൗർഭാഗ്യവശാൽ വഴങ്ങിയ പെനാൽറ്റി ഫ്രാൻസിനെ ഒപ്പമെത്തിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിയ്ക്ക് നീണ്ടത്.