കിരീടനേട്ടം ആഘോഷിക്കണം, മത്സരം സംഘടിപ്പിക്കാൻ അർജന്റീന!

ഖത്തർ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീനക്ക് സ്വന്തം നാട്ടിൽ വലിയ വരവേൽപ്പാണ് ലഭിച്ചിരുന്നത്. ലക്ഷക്കണക്കിന് ആരാധകരായിരുന്നു ബ്യൂണസ് അയേഴ്സിൽ അർജന്റീന ടീമിനെ സ്വീകരിക്കാൻ തമ്പടിച്ചിരുന്നത്. എന്നാൽ ആഘോഷ പരിപാടികൾ എല്ലാം പെട്ടെന്ന് അവസാനിപ്പിച്ച് താരങ്ങൾ എല്ലാവരും തങ്ങളുടെ ക്ലബ്ബുകളിലേക്ക് മടങ്ങിത്തുടങ്ങി.

വേൾഡ് കപ്പ് കിരീട നേട്ടം ആരാധകർക്ക് മുന്നിൽ വെച്ച് ആഘോഷിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷന് അതിയായ താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ സൗഹൃദ മത്സരങ്ങൾ അർജന്റീനയിൽ വെച്ച് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ AFA യുള്ളത്.AFA യുടെ പ്രസിഡണ്ടായ ക്ലൗഡിയോ ടാപ്പിയ ഈ കാര്യം പറയുകയും ചെയ്തിരുന്നു.

‘ അടുത്ത വർഷത്തിലെ ഞങ്ങളുടെ മത്സരങ്ങൾ എങ്ങനെയായിരിക്കും എന്നുള്ളതാണ് ഞങ്ങൾ നോക്കിക്കാണുന്നത്. ഈ താരങ്ങൾക്ക് എല്ലാവർക്കും അവർ അർഹിക്കുന്ന രൂപത്തിലുള്ള ആദരവ് ലഭിക്കേണ്ടതുണ്ട്.അതിന് ഏറ്റവും നല്ല കാര്യം അർജന്റീനയിൽ ആരാധകർക്ക് മുന്നിൽ വച്ച് കളിക്കുക എന്നുള്ളതാണ്.ഫിഫയുടെ ഫിക്സ്ച്ചറുകൾ എങ്ങനെയാണ് എന്നുള്ളത് നോക്കി കാണണം.മറ്റെവിടെയെങ്കിലും കളിക്കുന്നതിനു മുന്നേ ഞങ്ങളുടെ രാജ്യത്ത് തന്നെ കളിക്കാനാണ് ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത് ‘ ഇതാണ് AFA പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

വരുന്ന മാർച്ച് മാസത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനാണ് ഇപ്പോൾ അർജന്റീന ആലോചിക്കുന്നത്.അർജന്റീനയിൽ വച്ച് തന്നെയാണ് ഈ മത്സരം നടക്കുക. ഒരു മത്സരം ബ്യൂണസ് അയേഴ്സിൽ വച്ച് നടത്താനാണ് ഉദ്ദേശിക്കുന്നത്. മറ്റൊരു മത്സരം റൊസാരിയോയിലോ കോർഡോബയിലോ വെച്ച് നടത്തിയേക്കും.

പക്ഷേ ഫിഫയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തുവന്നതിനുശേഷം മാത്രമേ ഇത് തീരുമാനിക്കുകയുള്ളൂ.കൂടാതെ അർജന്റീനക്ക് എതിരാളികളെ കൂടി തീരുമാനിക്കേണ്ടതുണ്ട്. ഏതായാലും സ്വന്തം ആരാധകർക്ക് മുന്നിൽ വച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ശേഷം അർജന്റീന കിരീടം നേട്ടങ്ങൾ ആഘോഷിച്ചേക്കും.