ഡൈവ് ചെയ്ത് ചുവപ്പ് കാർഡ് ചോദിച്ച് വാങ്ങി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar

ഖത്തർ ലോകകപ്പിന് ശേഷം ആദ്യ ക്ലബ് മത്സരത്തിനിറങ്ങിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കനത്ത തിരിച്ചടി. സ്ട്രാസ്ബർഗ് അൽസാസിനെതിരെ പാരീസ് സെന്റ് ജെർമെയ്ൻ അവസാന നിമിഷം വിജയിച്ചെങ്കിലും നെയ്മർ ചുവപ്പ് കാർഡ് പുറത്തായി. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് മഞ്ഞക്കാർഡുകളാണ് നെയ്മർ കണ്ടത്.

ബോക്‌സിനുള്ളിൽ ഡൈവിംഗ് നടത്തിയതിനാണ് രണ്ടാമത്തെ മഞ്ഞക്കാർഡ്.61 മിനിറ്റിൽ അഡ്രിയൻ തോമസണെ ഒരു കൈകൊണ്ട് പിടിച്ചെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ മഞ്ഞ കാർഡ് .രണ്ട് മിനിറ്റിനുള്ളിൽ പിഎസ്ജിക്ക് പെനൽറ്റി കിക്ക് നേടാനുള്ള ശ്രമത്തിൽ നെയ്മർ ഡൈവ് ചെയ്തു.പരിചയസമ്പന്നനായ റഫറി ക്ലെമന്റ് ടർപിൻ അതിൽ വീഴാതെ നെയ്മറെ വേഗത്തിൽ കളിയിൽ നിന്ന് പുറത്താക്കി.2017-ൽ 222 മില്യൺ യൂറോ (NZ$375 മി) എന്ന ലോക റെക്കോർഡ് തുകയ്ക്ക് പിഎസ്ജിയിൽ ചേർന്നതിന് ശേഷമുള്ള നെയ്മറിന്റെ അഞ്ചാമത്തെ ചുവപ്പ് കാർഡാണിത്.2017-2018 സീസണിന് ശേഷം മറ്റൊരു കളിക്കാരനെയും ഫ്രഞ്ച് ലീഗിൽ കൂടുതൽ തവണ പുറത്താക്കിയിട്ടില്ല.

അതേസമയം, നിരാശാജനകമായ പ്രകടനം പുറത്തെടുത്തെങ്കിലും ലീഗ് 1ൽ പാരീസ് സെന്റ് ജെർമെയ്ൻ വിജയക്കുതിപ്പ് തുടരുന്നു. സ്ട്രാസ്ബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ടീം കരുത്ത് തെളിയിച്ചത്. മാർക്വിനോസും കൈലിയൻ എംബാപ്പെയുമാണ് ഗോളുകൾ നേടിയത്. 14-ാം മിനിറ്റിൽ ബ്രസീലിയൻ കൂട്ടുകെട്ടിൽ പിഎസ്ജി മുന്നിലെത്തി. നെയ്മറുടെ ഫ്രീകിക്ക് ഹെഡ് ചെയ്ത മാർക്വീഞ്ഞോസ് വല കുലുക്കുകയായിരുന്നു. ആദ്യ പകുതിയിൽ പിഎസ്ജി ലീഡ് നിലനിർത്തി.എന്നാൽ രണ്ടാം പകുതിയിൽ സ്ട്രാസ്ബർഗ് കളിയിലേക്ക് മടങ്ങി.

51-ാം മിനിറ്റിൽ അഡ്രിയൻ തോമസണിന്റെ ക്രോസ് തടയാനുള്ള മാർക്വിഞ്ഞോസിന്റെ ശ്രമം സെൽഫ് ഗോളിൽ കലാശിച്ചു. തുടർന്ന് പിഎസ്ജി വിജയ ഗോൾ നേടാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ നെയ്മറിന്റെ ചുവപ്പ് കാർഡ് കണ്ടത് ടീമിനെ വല്ലാതെ തളർത്തി. ഒടുവിൽ കളി സമനിലയിലായെന്നു തോന്നിയപ്പോൾ എക്സ്ട്രാ ടൈമിൽ പിഎസ്ജിക്ക് പെനാൽറ്റി ലഭിച്ചു.കൈലിയൻ എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചപ്പോഴാണ് ഫ്രഞ്ച് ശക്തികൾക്ക് ആശ്വാസമായത്.

ലോകകപ്പിന് ശേഷം നെയ്മറെ പുറത്താക്കണമെന്ന് കൈലിയൻ എംബാപ്പെ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ ചർച്ചയായ സമയത്താണ് മത്സരം ആഗോള ശ്രദ്ധയാകർഷിച്ചത്. ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഒരു അസിസ്റ്റ് ഉൾപ്പെടെ മികച്ച പ്രകടനമാണ് നെയ്മർ കാഴ്ചവെച്ചത്. 16 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി പിഎസ്ജി ടേബിൾ ടോപ്പർമാരിൽ തുടരുകയാണ്.