ലിയോ മെസ്സി ഇഫക്ട്!! മെസ്സി പോയതിന് പിന്നാലെ പിഎസ്ജിക്ക് വൻ തിരിച്ചടി | Lionel Messi

2021-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി മാറിയ ലിയോ മെസ്സി തന്റെ പ്രിയക്ലബ്ബായ എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പുതിയ തട്ടകത്തിലെത്തിയത് പാരിസിന്റെ മണ്ണിലേക്കാണ്. ഫ്രഞ്ച് വമ്പൻമാരായ പാരിസ് സെന്റ് ജർമയിനിലേക്ക് തന്റെ സുഹൃത്തുക്കൾ വിളിച്ചപ്പോൾ ലിയോ മെസ്സിക്ക് പോകാതിരിക്കാൻ കഴിയില്ലായിരുന്നു.

എന്നാൽ രണ്ട് സീസണുകൾക്കിപ്പുറം കരാർ അവസാനിച്ച ലിയോ മെസ്സി പിഎസ്ജി വിടുകയാണ്. അന്ന് തന്നെ സ്വീകരിച്ച ആരാധകർ ഇന്ന് കൂവലുകൾ നൽകിയാണ് യാത്രയാക്കുന്നത്. ലിയോ മെസ്സിയെ ക്ലബ്ബിൽ നിലനിർത്താൻ പിഎസ്ജി ശ്രമിച്ചെങ്കിലും പിഎസ്ജിയിൽ തുടരാൻ സന്തോഷവാനല്ലാത്ത ലിയോ മെസ്സി ക്ലബ്‌ വിടാൻ തന്നെയാണ് തീരുമാനിച്ചത്.

എന്നാൽ ലിയോ മെസ്സി ക്ലബ്‌ വിടുന്നതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയ പിഎസ്ജിക്ക് ഈ വാർത്തക്ക് പിന്നാലെ വൻ തിരിച്ചടിയാണ് ലഭിച്ചത്. തങ്ങളുടെ സോഷ്യൽ മീഡിയകളിലെ പിന്തുണക്കാരുടെ എണ്ണം കുത്തനെയാണ് കുറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ 71 മില്യൺ അടുത്ത് പിന്തുണക്കാരുണ്ടായിരുന്ന പിഎസ്ജിക്ക് നിലവിൽ 69മില്യൺ പിന്തുണക്കാരാണ് ഉള്ളത്. മെസ്സി വിടവാങ്ങി രണ്ട് ദിവസത്തിനകം 2 മില്യൺ അടുത്ത് പിന്തുണ പിഎസ്ജിക്ക് നഷ്ടമായി.

ഇൻസ്റ്റഗ്രാം കൂടാതെ ട്വിറ്റർ പോലെയുള്ള മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പിഎസ്ജിയുടെ പിന്തുണക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്ന താരമാണ് ലിയോ മെസ്സി. അതിനാൽ തന്നെ ഇത്രയും വലിയൊരു ഫാൻ ബേസ് ഉള്ള മെസ്സിയുടെ വിടവാങ്ങൽ പിഎസ്ജിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

ലിയോ മെസ്സിയുടെ ഭാവി സംബന്ധിച്ചുള്ള ആശങ്കകളാണ് നിലവിൽ ഉയർന്ന് നിൽക്കുന്നത്. എഫ്സി ബാഴ്സലോണ, അൽ ഹിലാൽ, എംഎൽഎസ് എന്നീ ക്ലബ്ബുകൾക്ക് പുറമെ അവസാന നിമിഷങ്ങളിൽ യൂറോപ്പിൽ നിന്നുമുള്ള പല ക്ലബ്ബുകളും ലിയോ മെസ്സിക്ക് വേണ്ടി രംഗത്ത് വരുന്നുണ്ട്. പുതിയ ക്ലബ്ബിനെ കുറിച്ചുള്ള തീരുമാനം ലിയോ മെസ്സി ഉടനെ എടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്.