പോർച്ചുഗൽ സൂപ്പർതാരത്തിനു വേണ്ടി കടുത്ത പോരാട്ടം,മാഞ്ചസ്റ്റർ യുനൈറ്റഡിന് വെല്ലുവിളിയായി വമ്പന്മാർ രംഗത്ത്
പോർച്ചുഗീസ് മിന്നും താരമായ ജോവോ ഫെലിക്സ് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയുമായി അത്ര രസത്തിലല്ല എന്നുള്ളത് പരസ്യമായ രഹസ്യമാണ്.നേരത്തെ പരോക്ഷമായി കൊണ്ട് സിമയോണി ഫെലിക്സിനെ വിമർശിച്ചിരുന്നു. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയും ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാൻ പോർച്ചുഗീസ് സൂപ്പർ താരം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.
അത്ലറ്റിക്കോ മാഡ്രിഡും താരത്തെ ഒഴിവാക്കാൻ ഒരുക്കമായിട്ടുണ്ട്. സ്ഥിരമായി വിൽക്കാൻ ആണെങ്കിലും, ലോൺ അടിസ്ഥാനത്തിൽ ആണെങ്കിലും ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഫെലിക്സിനെ കൈവിടാൻ അത്ലറ്റിക്കോ ഒരുക്കമാണ് എന്നാണ് റിപ്പോർട്ടുകൾ.മാത്രമല്ല ഇംഗ്ലീഷ് ശക്തികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിലുള്ള താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗിനാണ് ഈ പോർച്ചുഗീസ് താരത്തിൽ താല്പര്യമുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതിനാൽ യുണൈറ്റഡ് ഒരു സ്ട്രൈക്കറെ ആവശ്യമാണ്.ആ സ്ഥാനത്തേക്ക് യുണൈറ്റഡ് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഫെലിക്സ്. മാത്രമല്ല പോർച്ചുഗീസ് സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ഇവിടെയുള്ളതും ഗുണകരമാകും എന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.
Simon Jones: Arsenal have held more talks with Atletico Madrid to try and lower the loan fee for out-of-favour forward Joao Felix. https://t.co/tJ6ta9djRy
— Arsenal Guns (@TheArsenalGuns) January 7, 2023
പക്ഷേ അങ്ങനെ എളുപ്പത്തിൽ ഈ താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡിന് കഴിയില്ല.എന്തെന്നാൽ മറ്റൊരു പ്രീമിയർ ലീഗ് ശക്തികളായ ആഴ്സണൽ ഫെലിക്സിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ലോൺ അടിസ്ഥാനത്തിൽ താരത്തെ സ്വന്തമാക്കാനാണ് ഇപ്പോൾ ആർട്ടെറ്റ ശ്രമിക്കുന്നത്. ആകെ 16 മില്യൺ പൗണ്ട് ലഭിക്കണം എന്നുള്ള നിലപാടിലാണ് അത്ലറ്റിക്കോ ഉള്ളത്.
ഈ സ്പാനിഷ് ലീഗിൽ 12 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. വേൾഡ് കപ്പിലും നല്ല പ്രകടനം ഈ പോർച്ചുഗീസ് താരം കാഴ്ചവെച്ചിട്ടുണ്ട്. ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. പക്ഷേ സിമയോണിയുമായി ഒത്തു പോവാത്തതിനാലാണ് ഫെലിക്സ് ക്ലബ്ബ് വിടുന്നത്.120 മില്യൺ പൗണ്ട് എന്ന വലിയ തുകക്ക് സ്വന്തമാക്കിയ താരത്തിന് ക്ലബ്ബുമായി 2026 വരെ കരാർ അവശേഷിക്കുന്നുണ്ട്.