കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ,സൂപ്പർ സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസിന് പരിക്ക് | Kerala Blasters

ഐഎസ്എൽ 2023 -24 സീസണിൽ പരിക്കുകൾ ഏറ്റവും കൂടുതൽ ബാധിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റ തുടക്കം മുതൽ തന്നെ വിദേശ താരങ്ങളടക്കം നിരവധി പ്രമുഖ താരങ്ങൾ പരിക്ക് മൂലം ടീമിന് പുറത്ത് പോയി. പ്രധാന താരങ്ങളുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തു. പ്രധാന കളിക്കാരനും ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണയടക്കം നിരവധി പ്രധാന കളിക്കാരില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.

ഇപ്പോഴിതാ മറ്റൊരു വിദേശ താരത്തിനും പരിക്ക് പറ്റിയിരിക്കുകയാണ്. ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസിന് പരിക്കേറ്റതിനാൽ രണ്ടാഴ്ചത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനത്തിൽ ദിമിയെ സബ്സ്റ്റിറ്റൂട്ട് ചെയ്തിരുന്നു. പരിക്ക് കാരണമാണ് ഗ്രീക്ക് താരത്തെ സബ്സ്റ്റിറ്റൂട്ട് ചെയ്തത് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ നടക്കുന്ന മത്സരത്തിൽ ദിമി കളിക്കില്ല. പ്ലെ ഓഫിലായിരിക്കും താരം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുക.

മറ്റൊരു വിദേശ താരം ജസ്റ്റിനും പരിക്കേറ്റ് പുറത്താണ്. യുവ താരം ഈ സീസണിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനുള്ള സാധ്യതയില്ല. പ്ലെ ഓഫിൽ ദിമിക്കൊപ്പം ലൂണയും ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.. 13 ഗോളുകളോടെ ലീഗിലെ ടോപ് സ്കോററാണ് ഗ്രീക്ക് സ്‌ട്രൈക്കർ.കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്രധാനമായും മുന്നോട്ടുപോകുന്നത് ദിമിയുടെ ഗോളടി മികവിനെ ആശ്രയിച്ചുകൊണ്ടുതന്നെയാണ്. ഈ സീസണിൽ ആകെ 20 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ഈ ഗ്രീക്ക് സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ പത്ത് ഗോളുകൾ ദിമി സ്വന്തമാക്കിയിരുന്നു. മികച്ച പ്രകടനം നടത്തുന്ന ദിമിത്രിയോസിനു വേണ്ടത്ര പിന്തുണ നൽകാൻ മറ്റു താരങ്ങൾക്ക് കഴിയുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. എന്നാൽ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവുമോ എന്ന കാര്യം സംശയത്തിലാണുള്ളത്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് ഈ സീസണോടെ പൂർത്തിയാവുകയാണ്.