സൗദി പ്രൊ ലീഗിൽ ലാപോർട്ടെയുടെ ഗോളിൽ നിർണായക വിജയവുമായി അൽ നാസർ | Al Nassr

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കി നാസർ.ദമാക്ക് എഫ് സിയെ എതിരില്ലാത്ത ഒരു ​ഗോളിനാണ് അൽ നാസർ പരാജയപ്പെടിത്തിയത്. അയ്‌മെറിക് ലാപോർട്ടിൻ്റെ സ്റ്റോപ്പേജ് ടൈം ഹെഡർ ഗോളാണ് അൽ നാസറിന് വിജയം നേടിക്കൊടുത്തത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, സാഡിയോ മാനെ, മാർക്കോ ബ്രോസോവിച്ച്, അലക്‌സ് ടെല്ലെസ് തുടങ്ങിയ വമ്പൻ താരങ്ങൾക്ക് അൽ ഹിലാലിനെതിരായ ബിഗ് കപ്പ് സെമിഫൈനലുമായി നാസർ വിശ്രമം നൽകി.പ്രധാന താരങ്ങളുടെ അഭാവത്തിൽ ആദ്യ പകുതിയിൽ അൽ നാസറിന്റെ ഭാഗത്ത് നിന്നും മികച്ച പ്രകടനമല്ല ഉണ്ടായിരുന്നത്.ഹാഫ്‌ടൈമിൽ ഇറങ്ങിയ സാദിയോ മാനെ ഒരു ത്രൂ ബോൾ ഉപയോഗിച്ച് മെഷാരി അൽനെമറിന് ഒരു നല്ല അവസരം സൃഷ്ടിച്ചുവെങ്കിലും അദ്ദേഹത്തിന് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

66-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും കളത്തിലിറങ്ങി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോൾ മാത്രം നേടാനായില്ല.82-ാം മിനിറ്റിൽ റൊണാൾഡോ ഗരീബിന് ഗോൾ നേടാനുള്ള അവസരം സൃഷ്ടിച്ചു കൊടുത്തുവെങ്കിലും താരത്തിന്റെ വോളി ക്രോസ് ബാറിൽ തട്ടി.ഒടുവിൽ 91-ാം മിനിറ്റിൽ ലഭിച്ച ​കോർണറിലൂടെ അൽ നസർ സംഘം വിജയ​ഗോൾ കണ്ടെത്തി.

ബ്രോസോവിച്ച് എടുത്ത കോർണർ ലാപോർട്ടെ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി അൽ നാസറിന് വിലപ്പെട്ട മൂന്നു പോയിന്റുകൾ നേടിക്കൊടുത്തു.ഏപ്രിൽ 8 ന് നടക്കുന്ന സൗദി സൂപ്പർ കപ്പിൻ്റെ സെമിഫൈനലിൽ അൽ നാസർ അടുത്തതായി അൽ ഹിലാലുമായി കളിക്കും.