സൗദിയോട് തോറ്റത് കൂടുതൽ കോൺഫിഡൻസ് നൽകി, മെസ്സിയെന്ന ലോകത്തിലെ മികച്ച താരം കൂടെയുള്ളത് എന്നും പ്ലസ് പോയിന്റാണ് : ക്രിസ്റ്റ്യൻ റൊമേറോ.

ഖത്തർ വേൾഡ് കപ്പിന് മുന്നേ ഏറ്റവും കൂടുതൽ കിരീട സാധ്യത പ്രവചിക്കപ്പെട്ടിരുന്ന ടീമുകൾ ഒന്നാണ് അർജന്റീന.പക്ഷേ ആദ്യ മത്സരത്തിൽ കാര്യങ്ങൾ കീഴ്മേൽ മറയുകയായിരുന്നു. അതായത് അർജന്റീന സൗദി അറേബ്യ പോലെയുള്ള ഒരു ടീമിനോട് പരാജയപ്പെട്ടത് എല്ലാവർക്കും അത്ഭുതമായിരുന്നു.പക്ഷേ അർജന്റീനയുടെ തേരോട്ടം അവിടെ നിന്നായിരുന്നു ആരംഭിച്ചിരുന്നത്.

പിന്നീടുള്ള എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ട് അർജന്റീന കിരീടത്തിൽ എത്തിച്ചേർന്നു. വലിയ ടീമുകളായ ഹോളണ്ടും ഫ്രാൻസുമൊക്കെ അർജന്റീനയുടെ ഈ തേരോട്ടത്തിൽ കടപുഴകി വീണു.സൗദി അറേബ്യക്കെതിരെ പരാജയപ്പെട്ടത് യഥാർത്ഥത്തിൽ തങ്ങൾക്ക് സഹായകരമായി എന്നുള്ളത് അർജന്റീനയുടെ നായകനായ ലയണൽ മെസ്സി നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു.

അർജന്റീനയുടെ ഡിഫൻഡറായ ക്രിസ്റ്റൻ റൊമേറോയും ഈ അഭിപ്രായത്തോട് യോജിച്ചിട്ടുണ്ട്. അതായത് സൗദി അറേബ്യയോട് പരാജയപ്പെട്ടത് അർജന്റീനയുടെ ആത്മവിശ്വാസം വർധിക്കാൻ കാരണമായി എന്നാണ് ഈ പ്രതിരോധ നിര താരം പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സി എന്ന ലോകത്തിലെ ഏറ്റവും മികച്ച താരം കൂടെയുള്ളത് എന്നും അർജന്റീനക്ക് ഒരു പ്ലസ് പോയിന്റ് ആണെന്നും റൊമേറോ കൂട്ടിച്ചേർത്തു.സ്വന്തം ക്ലബ്ബായ സ്പർസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ സൗദി അറേബ്യക്ക് എതിരെയുള്ള പരാജയം ടീമിനകത്ത് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.ആ പരാജയമാണ് ഓരോ മത്സരത്തെയും ഏറ്റവും മികച്ച രീതിയിൽ നേരിടാൻ ഞങ്ങളെ പ്രാപ്തരാക്കിയത്.ഞങ്ങൾ ഒരു ലളിതമായ ടീമായിരുന്നു.ഞങ്ങളെക്കാൾ മികച്ച ടീമുകൾ ഉണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അറിയാമായിരുന്നു.പക്ഷേ ഒരു ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങളെക്കാൾ മികച്ചവരായി ആരുമില്ലായിരുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സി ഞങ്ങളുടെ കൂടെയുള്ളത് എപ്പോഴും പ്ലസ് പോയിന്റ് ആണ് ‘ റൊമേറോ പറഞ്ഞു.

മെസ്സിയുടെ മികവ് തന്നെയാണ് പലപ്പോഴും അർജന്റീനക്ക് തുണയായിട്ടുള്ളത്. മെക്സിക്കോക്കെതിരെയുള്ള മത്സരത്തിലും ഓസ്ട്രേലിയക്കെതിര മത്സരത്തിലും ഹോളണ്ടിനെതിരെയുള്ള മത്സരത്തിലുമൊക്കെ കാര്യങ്ങൾ അർജന്റീനക്ക് അനുകൂലമാക്കിയത് ലയണൽ മെസ്സി തന്നെയായിരുന്നു.ഫൈനലിലും രണ്ടു ഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു.