‘ഞങ്ങൾക്കെല്ലാമുണ്ട്, പക്ഷെ മെസ്സി മാത്രമില്ല’ ; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരം മെസ്സിയെ പറ്റി പറഞ്ഞത് കേട്ടോ
ലോകഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു ഒരു കാലത്ത് മെസ്സി. ക്ലബ് കരിയറിലെ വ്യക്തിഗത കരിയറിലെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ മെസ്സിയ്ക്ക് ദേശീയ കുപ്പായത്തിൽ ഒരു കിരീടം കിട്ടാക്കനിയായിരുന്നു. എന്നാൽ കഴിഞ്ഞ കോപ്പയും ഫൈനലിസ്മയും സ്വന്തമാക്കി മെസ്സി ദേശീയ കുപ്പായത്തിൽ കിരീടം നേടി തുടങ്ങി.
ഒടുവിൽ ഖത്തറിൽ കനക കിരീടം മുത്തമിട്ടതോടെ കിരീടം വെയ്ക്കാത്ത രാജാവ് ഒടുവിൽ ലോകഫുട്ബാളിൽ കിരീടം ചെങ്കോലുമണിഞ്ഞ് സിംഹാസനസ്ഥനായി. മെസ്സി ഒരു കിരീടം നേടിയപ്പോൾ മെസ്സിയുടെ എതിരാളിയെന്ന് ആരാധകർ വിശേഷിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകകിരീടം അന്യമായി തന്നെ തുടർന്നു.പോർച്ചുഗൽ കിരീടം നേടാത്തതിനും അർജന്റീന കിരീടം നേടിയതിനു ഇടയിലെ പ്രധാന വ്യത്യാസം ലയണൽ മെസിയാണ്.
കോപ്പയിലും ഫൈനലിസ്മയിലും ലോകകപ്പിലും അർജന്റീന കിരീടം നേടിയപ്പോൾ അതിന് പിന്നിലെല്ലാം മിശിഹായുടെ കൈയ്യൊപ്പുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലൊരു മിശിഹാ പോർചുഗലിനും ഇല്ലാത്തതാണ് അവർക്ക് ഒരു ലോകകിരീടം നേടാൻ സാധിക്കാത്തത് എന്ന അഭിപ്രായം ആരാധകർക്കിടയിൽ നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴിതാ ആരാധകരുടെ അഭിപ്രായങ്ങൾക്ക് ശെരി വെയ്ക്കുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് മുൻ പോർച്ചുഗൽ താരമായ ഡെക്കോ. ലയണൽ മെസിക്കൊപ്പം ബാഴ്സലോണയിലും റൊണാൾഡോക്കൊപ്പം പോർച്ചുഗൽ ടീമിലും കളിച്ച താരമാണ് ഡെക്കോ.
പോർച്ചുഗൽ ടീമിനൊപ്പം ഒരു മെസിയില്ലാത്തതു കൊണ്ടാണ് ലോകകപ്പ് തങ്ങൾക്കു നേടാൻ കഴിയാത്തതെന്നാണ് ഡെക്കോയുടെ വാക്കുകൾ. “മെസി അവർക്കൊപ്പം ഉണ്ടായിരുന്നതു കൊണ്ടാണ് അർജന്റീന ടീം ലോകകപ്പ് നേടിയത്. ഞങ്ങളെ സംബന്ധിച്ച് മികച്ച താരങ്ങളുടെ ഒരു തലമുറ തന്നെ പോർച്ചുഗൽ ടീമിനൊപ്പമുണ്ട്. പക്ഷെ ഞങ്ങളുടെ കൂടെ മെസി ഇല്ലായിരുന്നു.” ഡെക്കോ പറഞ്ഞു.
🗣 Deco on TR Sports: “Argentina won the World Cup because they have Messi. For us, Portugal has the best generation of good players, but we don't have Messi." pic.twitter.com/kzNegZdtnX
— 𝙎𝙚𝙙𝙙𝙪𝙢𝙚 🇺🇬..🦍 (@Mwana_wa_Maama) July 3, 2023
അതെ സമയം ദേശീയ കുപ്പായത്തിൽ നേഷൻസ് കപ്പിലും യൂറോ കപ്പിലും ക്രിസ്റ്റ്യാനോ റൊണാൾഡോ മുത്തമിട്ടിരുന്നുവെങ്കിലും ഫിഫ ലോകകപ്പ് റോണോയ്ക്ക് ഇന്നും അന്യമാണ്. റൊണാൾഡോ അടുത്ത ലോകകപ്പ് കളിയ്ക്കാൻ സാധ്യതകൾ വളരെ കുറവായതിനാൽ തന്നെ മെസ്സിയെ പോലെ കരിയറിൽ ഒരു ലോകകിരീടം നേടാൻ റൊണാൾഡോയ്ക്ക് ഇനി സാധിക്കില്ല.