ലോകകപ്പ് ഫൈനൽ; അർജന്റീനക്കെതിരെ ഫിഫ അന്വേഷണം ആരംഭിച്ചു

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീന താരങ്ങൾ പരിധി ലംഘിച്ച് പെരുമാറിയെന്നതിനെ തുടർന്ന് ഫിഫ അന്വേഷണം ആരംഭിച്ചു. ഫിഫയുടെ അച്ചടക്കവുമായി ബന്ധപ്പെട്ടു വരുന്ന നിരവധി ഉടമ്പടികൾ ലോകകപ്പ് വിജയം നേടിയ അർജന്റീന താരങ്ങൾ ലംഘിച്ചുവെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം ആരംഭിക്കാൻ ഫിഫ തീരുമാനിച്ചത്. താരങ്ങളുടെ മോശം പെരുമാറ്റവും ഇതിലുൾപ്പെടുന്നു.

ലോകകപ്പുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ചൂടു പിടിച്ച ഫൈനലാണ് ഖത്തറിൽ നടന്നത്. അർജന്റീന അനായാസമായി വിജയം നേടുമെന്ന് പ്രതീക്ഷിച്ചിടത്തു നിന്നും ഫ്രാൻസിന്റെ തിരിച്ചു വരവും അതിനു ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയം നേടുകയുമാണുണ്ടായത്. മുപ്പത്തിയാറ് വർഷത്തിനു ശേഷം ആദ്യമായി അർജന്റീന കിരീടം സ്വന്തമാക്കിയത് വന്യമായ രീതിയിൽ തന്നെയാണ് അർജന്റീന ആഘോഷിച്ചത്.

പ്രകോപനകരമായ പെരുമാറ്റം, താരങ്ങളുടെ അച്ചടക്കമില്ലായ്‌മ, ഒഫിഷ്യൽസിന്റെ മര്യാദവിട്ട പെരുമാറ്റം എന്നിവയാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന സംഭവങ്ങളെന്ന് ഫിഫയുടെ ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. പല നിയമങ്ങളും ഇവർ തെറ്റിച്ചിട്ടുണ്ടോയെന്ന് ഫിഫ പരിശോധിക്കും. അതേസമയം അർജന്റീന താരങ്ങൾ എതിരാളികളെ കളിയാക്കിയ ക്വാർട്ടർ ഫൈനൽ മത്സരം അന്വേഷണത്തിന്റെ പരിധിയിൽ വരുന്നില്ല.

റിപ്പോർട്ടുകൾ പ്രകാരം ഗോൾഡൻ ഗ്ലോവ് നേടിയ എമിലിയാനോ മാർട്ടിനസിന്റെ ആഘോഷം കുറച്ച് പ്രകോപനകരമായ ഒന്നായിരുന്നു, പ്രത്യേകിച്ചും ഖത്തർ പോലെയൊരു രാജ്യത്ത്. ഇതിനു പുറമെ എതിർടീമിലെ താരങ്ങൾക്കെതിരെ നടത്തിയ മുദ്രാവാക്യങ്ങളും ഫിഫ അന്വേഷിക്കാൻ സാധ്യതയുണ്ട്. ഫൈനലിൽ ഹാട്രിക്ക് നേടിയ ഫ്രഞ്ച് താരം എംബാപ്പക്കെതിരെയായിരുന്നു മുദ്രാവാക്യങ്ങൾ പ്രധാനമായും ഉയർന്നത്.

അർജന്റീനക്കെതിരായ അന്വേഷണത്തിൽ അവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അർജന്റീന ഫുട്ബോൾ അസോസിയേഷന് പിഴശിക്ഷ നേരിടേണ്ടി വരും. താരങ്ങൾക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതയില്ല. അർജന്റീനക്ക് പുറമെ ലോകകപ്പിൽ വേറെ ടീമുകളും നടപടി നേരിട്ടിരുന്നു. ഇക്വഡോർ, സെർബിയ, മെക്‌സിക്കോ എന്നീ ടീമുകൾക്കെതിരെ നടപടി ഉണ്ടായപ്പോൾ ക്രൊയേഷ്യക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Argentina
Comments (0)
Add Comment